പങ്കാളികള്‍ക്കിടയിലെ സംശയം ബന്ധം തകര്‍ത്തേക്കാം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ചിന്തയില്‍ നിന്നാണ് ആദ്യം സംശയം ഉടലെടുക്കുന്നത്. പങ്കാളിയെ സംശയിക്കാനുള്ള കൃത്യമായ കാരണം സ്വയം മനസിലാക്കുകയാണ് ആദ്യം വേണ്ടത്

Doubting your partner
രേണുക വേണു| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (15:30 IST)
Doubting your partner

പല നല്ല ബന്ധങ്ങളിലും വിള്ളല്‍ വീഴുന്നത് പങ്കാളികള്‍ തമ്മില്‍ സംശയിക്കാന്‍ തുടങ്ങുമ്പോഴാണ്. കുടുംബ ജീവിതങ്ങളിലും പ്രണയ ബന്ധങ്ങളിലും വലിയൊരു വില്ലന്‍ തന്നെയാണ് സംശയ രോഗം. പരസ്പരമുള്ള സംശയം ചോദ്യം ചെയ്യലിലേക്കും പിന്നീട് വലിയ തര്‍ക്കത്തിലേക്കും എത്തിച്ചേരും. പങ്കാളിയെ സംശയിക്കുന്ന സ്വഭാവക്കാരാനാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.

1. സംശയം തോന്നുന്ന കാര്യം എന്താണ്?

ചിന്തയില്‍ നിന്നാണ് ആദ്യം സംശയം ഉടലെടുക്കുന്നത്. പങ്കാളിയെ സംശയിക്കാനുള്ള കൃത്യമായ കാരണം സ്വയം മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഇക്കാര്യം പങ്കാളിയോടു ചോദിക്കുന്നതിനു മുന്‍പ് സ്വയം ഇതേ കുറിച്ച് ആലോചിക്കുക. 'ഞാന്‍ എന്തിനാണ് എന്റെ പങ്കാളിയെ സംശയിക്കുന്നത്', 'സംശയിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെ', 'ഏത് നിമിഷമാണ് ഈ സംശയം തോന്നി തുടങ്ങിയത്' എന്നീ ചോദ്യങ്ങള്‍ക്കെല്ലാം സ്വയം ഉത്തരം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. നിങ്ങള്‍ക്കു തന്നെ ഒരു ക്ലാരിറ്റി ഉണ്ടെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ പങ്കാളിയുമായി തുറന്നു സംസാരിക്കാന്‍ സാധിക്കൂ.

2. ആത്മവിശ്വാസം വര്‍ധിപ്പിക്കുക

മിക്കവരിലും ഇന്‍സെക്യൂരിറ്റി മൂലമാണ് സംശയ രോഗം ഉണ്ടാകുന്നത്. ആത്മവിശ്വാസക്കുറവ് ആണ് ഇതിനു പ്രധാന കാരണം. പങ്കാളിക്കു തന്നെക്കാള്‍ മികവ് ഉണ്ടെന്ന തോന്നലില്‍ നിന്നാണ് ഇന്‍സെക്യൂരിറ്റി ആരംഭിക്കുന്നത്. സ്വന്തം കഴിവിലും വ്യക്തിത്വത്തിലും വിശ്വസിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. ആത്മവിശ്വാസം വര്‍ധിപ്പിക്കണം.

3. ഒരു ബന്ധവും നൂറ് ശതമാനം പെര്‍ഫക്ടല്ല !

മറ്റുള്ള ബന്ധങ്ങളെ നോക്കി നമ്മുടെ ബന്ധങ്ങളെ വിലയിരുത്തുന്നത് അവസാനിപ്പിക്കുക. അപ്പുറത്തെ ദമ്പതികള്‍ അങ്ങനെയാണ്, അവരാണ് ലോകത്തിലെ ഏറ്റവും നല്ല ദമ്പതികള്‍, ഞങ്ങള്‍ മോശക്കാരാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ ഉപേക്ഷിക്കുക. ഒരു ബന്ധവും നൂറ് ശതമാനം പൂര്‍ണതയുള്ളതല്ല എന്ന് മനസിലാക്കണം. രണ്ട് പേര്‍ക്കും കുറവുകള്‍ ഉണ്ടാകാം. അത് മനസിലാക്കി മുന്നോട്ടു പോകുക.

4. പങ്കാളിയുമായുള്ള തുറന്ന സംസാരം

സംശയ രോഗം ഇല്ലാതാക്കാന്‍ പങ്കാളിയുമായുള്ള തുറന്ന സംസാരം അത്യാവശ്യമാണ്. നിങ്ങളുടെ സംശയവും ഇന്‍സെക്യൂരിറ്റിയും പങ്കാളിയോടു തുറന്നു പറയുക. ഒന്നും മറച്ചുവയ്ക്കാതെ പങ്കാളിയുമായി സംസാരിക്കാന്‍ സാധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ദിവസവും ഇതിനായി സമയം കണ്ടെത്തുക.

5. മോശം ചിന്തകള്‍ ഒഴിവാക്കുക

മോശം ചിന്തകളില്‍ നിന്നായിരിക്കും പങ്കാളിയെ കുറിച്ചുള്ള സംശയങ്ങള്‍ ജനിക്കുന്നത്. അത്തരം നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ അത്തരം നെഗറ്റീവ് സംസാരങ്ങള്‍ വന്നാല്‍ അവിടെ നിന്ന് മാറിപ്പോകുക. നിങ്ങളും പങ്കാളിയുമായുള്ള കാര്യങ്ങള്‍ വേറെ ഒരാളോട് പങ്കുവയ്ക്കുകയോ ചര്‍ച്ച ചെയ്യുകയോ വേണ്ട.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :