ന്യൂയോർക്ക്|
jibin|
Last Modified വ്യാഴം, 22 ഡിസംബര്‍ 2016 (16:40 IST)
ക്യൂബന്‍ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ വേര്‍പാട് ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. ലോക മാധ്യമങ്ങളില്‍ അന്നും ഇന്നും നിറഞ്ഞുനിന്ന ഫിഡലിന്റെ മരണവും ഞെട്ടിക്കുന്നതായിരുന്നു.
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയെന്ന വിശേണമുള്ള കാസ്ട്രോ ദീർഘനാളായി അർബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നവംബര്‍ 25നായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്.
ക്യൂബയിൽ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്‌തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. (1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ ഭരണത്തലവനായിരുന്നത്.)
ആരോഗ്യപരമായ കാരണങ്ങളാൽ 2006 ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞ കാസ്‌ട്രോ അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോയ്‌ക്ക് കൈമാറുകയായിരുന്നു. ഓഗസ്റ്റിലാണ് കാസ്ട്രോ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.
ക്യൂബയെ ഒരു പൂർണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ചത് കാസ്ട്രോയാണ്. രണ്ടു തവണ ചേരിചേരാ പ്രസ്‌ഥാനത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവ മുന്നേറ്റങ്ങളെയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു.