ഓരോ ഡിസംബറും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ വിളവെടുപ്പ് കാലമാണ്. 2009 ഉം നഷ്ടകണക്കുകളുടെ ആ ഫ്രെയിം മാറ്റി വരയ്ക്കുന്നില്ല. എങ്കിലും കേരള കഫേയും പാസഞ്ചറും പത്താം നിലയിലെ തീവണ്ടിയുമെല്ലാം കൊളുത്തിവെച്ചത് പ്രതീക്ഷയുടെ ചില തിരിവെട്ടങ്ങളാണ്. തിരക്കഥയില്‍ ഇല്ലാത്ത വിവാദങ്ങളും വിയോഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ സിനിമാവര്‍ഷമാണ് പ്രേക്ഷകനോട് വിട പറയുന്നത്. സൂപ്പര്‍താര വൃത്തത്തിന് പുറത്തു കടക്കാനായില്ലെങ്കിലും സൂപ്പര്‍ താരങ്ങളിലെ നടന വൈഭവം പുറത്തെടുക്കുന്ന ചില കഥാപാത്രങ്ങളെയെങ്കിലും സമ്മാനിക്കാന്‍ ബ്ലെസ്സിയെയും രഞ്ജിത്തിനെയും പോലെയുള്ള സംവിധായകര്ക്കായെന്നത് പ്രേക്ഷകന് ആശ്വാസത്തിന് വകനല്കുന്നു.
ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 70 ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. 2008ല്‍ 61 ചിത്രങ്ങള്‍ മാത്രമായിരുന്നു. എണ്ണത്തിലുണ്ടായ ഈ നേരിയ വര്‍ധന ഗുണത്തിലും ചെറുതായി പ്രതിഫലിച്ചുവെന്ന് ചില ചിത്രങ്ങള്‍ കാണുമ്പോഴേങ്കിലും പ്രേക്ഷകന് തിരിച്ചറിയാനാവും.
രണ്ടേ രണ്ട് സുപ്പര്‍ ഹിറ്റുകള്‍ മാത്രമാണ് 2009 സമ്മാനിച്ചത്. ലാല്‍ സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗറും ഹരിഹരന്-എം ടി-മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജയും. ഇതില്‍ പഴശ്ശിരാജയെ സൂപ്പര്‍ ഹിറ്റെന്ന് വിശേഷിപ്പിക്കാമെങ്കിലും നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തു എന്ന് പറയാനാവില്ല. 26 കോടി രൂപ ചെലവില്‍ നിര്‍മിച്ച സിനിമ ഇതുവരെ 18 കോടിയോളം രൂപ കളക്ട് ചെയ്തുവെന്നത് തന്നെ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമായിരുന്നു.
ഭാഗ്യദേവത, പാസഞ്ചര്‍, മകന്റെ അച്ഛന്, പുതിയ മുഖം, ഭ്രമരം, ഡ്യൂപ്ളിക്കേറ്റ്, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ ചിത്രങ്ങളെ ഹിറ്റുകളെന്ന് വിശേഷിപ്പിക്കാം. എന്തായാലും നിര്‍മാതാവിന് വലിയ ലാഭം നേടിക്കൊടുത്തില്ലെങ്കിലും കൈ പൊള്ളിയില്ലെന്ന ആശ്വാസം ഈ ചിത്രങ്ങള്‍ നല്കി.