2007 ലെ ചില സാഹിത്യ അവാര്‍ഡുകള്‍

WEBDUNIA| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2007 (15:19 IST)
1 ബ്രെയിന്‍ ചിക്കാവക്ക് കെയിന്‍ പുരസ്കാരം

ആഫ്രിക്കന്‍ ബുക്കര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംബാംബെയില്‍ നിന്നുള്ള ബ്രെയിന്‍ ചിക്കാവക്കിന് ലഭിച്ചു. ആദ്യമായിട്ടാണ് ഒരു സിംബാംബെക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. ആഫ്രിക്കന്‍ സാഹിത്യക്കാര‌ന്‍‌മാര്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് കെയിന്‍ പുരസ്കാരം.

ഇംഗ്ലീഷ് ഭാഷ സ്വന്തം മാതൃഭാഷ പോലെയാണ് ചിക്കാവക്ക് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.15000 ഡോളറാണ് സമ്മാനത്തുക. ചിക്കാ‍വക്കിന്‍റെ സെവന്‍‌ത്ത് സ്‌ട്രീറ്റ് ആല്‍കെമിക്കാണ് പുരസ്കാരം ലഭിച്ചത്.

32 ക്കാരനായ ചിക്കാവക്ക് ജനിച്ചത് സിംബാംബെയിലെ ബുലാവാലോയിലാണ്. എന്നാല്‍, അദ്ദേഹം വളര്‍ന്നത് ഹരാരെയിലാണ്. ഇപ്പോള്‍ ലണ്ടനിലാണ് അദ്ദേഹം കഴിയുന്നത്. ചിക്കാവക്ക് ഒരു സംഗീതജ്ഞന്‍ കൂടിയാണ്

2 എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്

എസ്.എല്‍.പുരം സദാനന്ദന്‍ അവാര്‍ഡിന് കെ.ടി. മുഹമ്മദിനെ തിരഞ്ഞെടുത്തു. നാടക രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണിത്. രാജ്യത്തെ ഏറ്റവും വലിയ നാടക അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.

ജൂലായ് 21ന് അവാര്‍ഡ് കോഴിക്കോട്ട് കെ.ടി.മുഹമ്മദിന്‍റെ വീട്ടിലെത്തി സാംസ്കാരിക മന്ത്രി എം.എ.ബേബി അവാര്‍ഡ് സമ്മാനിച്ചു . 1929ല്‍ കളത്തിങ്കല്‍ തൊടികയില്‍ കുഞ്ഞറമുവിന്‍റെയും ഫാത്തിമക്കുട്ടിയുടെയും മകനായി മഞ്ചേരിയിലെ ഏറനാട്ടില്‍ കെ.ടി.മുഹമ്മദ് ജനിച്ചു. എട്ടാം ക്ലാസു വരെയാണ് വിദ്യാഭ്യാസം. 1946ല്‍ തപാല്‍ വകുപ്പിലെ അഖിലേന്ത്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.ടിയെ പോസ്റ്റ്മാന്‍ പദവിയില്‍ നിന്ന് പിരിച്ചു വിട്ടു.

ഇത് ഭൂമിയാണ്, കറവറ്റ പശു, കാഫര്‍, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കടല്‍പ്പാലം, ദീപ സ്തംഭം മഹാശ്ചര്യം,സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങി 40 ലേറെ നാടകങ്ങളും കളിയും കാര്യവും,ശബ്ദങ്ങളുടെ ലോകം എന്നീ ചെറുകഥാ സമാഹാരങ്ങളും മാസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും തിരക്കഥകളും കെ.ടി.രചിച്ചിട്ടുണ്ട്


3 സുഗത കുമാരിക്ക് വിജയദശമി പുരസ്‌കാരം

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ ഈ വര്‍ഷത്തെ വിജയദശമി പുരസ്‌കാരം കവി ബി.സുഗത കുമാരിക്ക് ലഭിച്ചു. 1934 ലാണ് ജനുവരിയിലാണ് സുഗതകുമാരി ജനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പാതിരാപ്പൂക്കള്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച രാത്രിമഴ, ഓടക്കുഴല്‍ അവാര്‍ഡ് ആശാന്‍ പ്രൈസും വയലാര്‍ അവാര്‍ഡും കിട്ടിയ അമ്പലമണി, ആശാന്‍ സ്‌മാരക സമിതി അവാര്‍ഡ് നേടിയ കുറിഞ്ഞിപ്പൂക്കള്‍ എന്നിവയാണ് മുഖ്യ കവിതാ സമാഹാരങ്ങള്‍.

കൂടാതെ സാമൂഹ്യ സേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡും സേക്രട്ട് ഹാര്‍ഡ് സോള്‍ അന്തര്‍ദേശീയ പുരസ്‌കാരവും പ്രകൃതി സംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍‌മെന്‍റിന്‍റെ ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡും സാമൂഹികസേവനത്തിനുള്ള ‘ജെംസെര്‍വ്’ അവാര്‍ഡും സുഗതകുമാരിക്ക് ലഭിച്ചിട്ടുണ്ട്.


4 എം. മുകുന്ദന് മാതൃഭൂമി പുരസ്‌കാരം

2006 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എം.മുകുന്ദന് ലഭിച്ചു. രണ്ടു ലക്ഷം രൂപയും ശില്‍‌പ്പവും ഫലകവുമാണ് അവാര്‍ഡ്.കേരള സാഹിത്യ അക്കാദമി ചെയര്‍മാനാണ് മുകുന്ദന്‍. 1960 കളിലും 70 കളിലും പുറത്തുവന്ന മുകുന്ദന്‍റെ രചനകള്‍ മലയാള ഭാവുകത്വത്തെ നവീകരിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചവയാണ്. അടിസ്ഥാനപരമായി ദുരന്താധിഷ്‌ഠിതമായ ഒരു ജീവിത വീക്ഷണമാണു മുകുന്ദന്‍റേത്.

1942 ല്‍ ഫ്രഞ്ച് അധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961ല്‍ ആദ്യ കഥ വെളിച്ചം കണ്ടു. ഈ ലോകം അതിലൊരു മനുഷ്യന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി പോള്‍ അവാര്‍ഡും മുട്ടത്തു വര്‍ക്കി അവാര്‍ഡും ദൈവത്തിന്‍റെ വികൃതികള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്‌കാരവും നേടി.

5 രാമനുണ്ണിക്ക് ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം

ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന്(രാഷ്‌ട്രീയ സാഹിത്യക് അവാര്‍ഡ്)കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്‍റെ പുസ്തകം’ അര്‍ഹമായി. 51000 രൂപയും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

6 ചെറുകാട് അവാര്‍ഡ് ഡോക്‍ടര്‍ പി.കെ.വാര്യര്‍ക്ക്

2007 ലെ ചെറുകാട് അവാര്‍ഡ് ഡോക്‍ടര്‍ പി.കെ.വാര്യരുടെ ആത്മകഥയായ ‘സ്‌മൃതിപര്‍വ’ത്തിന് ലഭിച്ചു. ചെറുകാടിന്‍റെ പേരിലുള്ള അവാര്‍ഡ് ആത്മകഥ- ജീവചരിത്ര ശാഖകളിലുള്ള കൃതികള്‍ക്ക് നല്‍കുന്നത് ആദ്യമായിട്ടാണ്.

7 സഞ്‌ജയന്‍ പുരസ്‌കാരം സി.രാധാകൃഷ്‌ണന്

തപസ്യ കലാ സാഹിത്യവേദിയുടെ 2007 ലെ സഞ്‌ജയന്‍ പുരസ്‌കാരത്തിന് പ്രശസ്‌ത നോവലിസ്റ്റ് സി.രാധാകൃഷ്‌ണന്‍ അര്‍ഹനായി. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന നോവലാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമ്പതിനായിരത്തിയൊന്നു രൂപയും സരസ്വതിയുടെ വെങ്കല ശില്‍‌പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

8 ഭീമ പുരസ്‌കാരം പ്രിയക്ക്

പതിനേഴാമത് ഭീമാ ബാല സാഹിത്യ പുരസ്‌കാരം എ.എസ് പ്രിയക്ക് ഡി.സി. ബുക്‍സ് പ്രസിദ്ധീകരിച്ച പ്രിയയുടെ ‘ചിത്രശലഭങ്ങളുള്ള വീട്‘ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്. എ.എസ്.പ്രിയക്ക് 44 444 രൂപയും ശ്രീ കാനായി രൂപ കല്‍പ്പന ചെയ്‌ത ശില്‍‌പവും പ്രശസ്തി പത്രവും നല്‍കും.

9 വേലായുധന്‍ പണിക്കശ്ശേരിക്കും ആലുവ അന്ധവിലായത്തിനും അവാര്‍ഡ്

പി.എ.സെയ്തുമുഹമ്മദിന്‍റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്ര-സാഹിത്യ അവാര്‍ഡ് വേലായുധന്‍ പണിക്കശ്ശേരിക്കും സാമൂഹിക സേവന അവാര്‍ഡും ആലുവ അന്ധവിദ്യാലയത്തിനും നല്‍കാന്‍ പി.എ.സെയ്തുമുഹമ്മദ് ഫൌണ്ടേഷന്‍ ട്രസ്റ്റ് തീരുമാനിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഓരോ അവാര്‍ഡും.

10 ആന്‍ റൈറ്റിന് ബുക്കര്‍ പ്രൈസ്

ഐറിഷ് എഴുത്തുകാരി ആനി എന്‍‌റൈറ്റിന് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചു. ഉപന്യാസങ്ങള്‍, ചെറുകഥകള്‍, നോവലുകള്‍ എന്നിവ ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനിന്‍റെ ഗാതറിംഗ് എന്ന നോവലിനാണ് പുരസ്‌കാരം.

കാനഡയിലെ ട്രിനിറ്റി കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏജ്ഞലിയ എന്നിവിടങ്ങളിലാണ് ആന്‍ പഠനം നടത്തിയത്. ആറു വര്‍ഷത്തോളം ഡ്യുബിലിനില്‍ ടെലിവിഷന്‍ സംവിധായകയായും പ്രൊഡ്യുസറായും പ്രവര്‍ത്തിച്ചു. 1993 ലാണ് ഇവര്‍ സജീവമായി എഴുത്തിലേക്ക് തിരിയുന്നത്.

ന്യൂയോര്‍ക്ക് ടൈംസ്, ദി പാരീസ് റിവ്യു ,ഗ്രാന്തഎന്നീ മാഗസിനുകള്‍ക്ക് വേണ്ടി ആന്‍ എഴുതിയിരുന്നു. ഈ ലേഖനങ്ങളുടെ സമാഹാരണത്തിന് 1991 ലെ ഐറിഷ് സാഹിത്യ പുരസ്‌കാരമായ റൂണി ലഭിച്ചിരുന്നു.

വാട്ട് ആര്‍ യൂ ലൈക്ക്?, ദി വിഗ് മൈ ഫാദര്‍ വോര്‍ എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നോണ്‍ ഫിക്‍ഷന്‍ വിഭാഗത്തിലെ മദര്‍ ഹുഡ്, മേക്കിംഗ് ബേബീസ് എന്നീ പുസ്തകങ്ങള്‍ 2005 ല്‍ പുറത്തിറങ്ങി.

11 വള്ളത്തോള്‍ പുരസ്‌കാരം അഴീക്കോടിന്

വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ പുരസ്കാരം ഡോക്‍ടര്‍ സുകുമാര്‍ അഴീക്കോടിന് ലഭിച്ചു .1 11 111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് ഈ ബഹുമതി.


മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും പ്രൊഫസര്‍ സി.ജി.രാജഗോപാല്‍,ഡോക്‍ടര്‍ എം.ജി. ശശിഭൂഷന്‍,ഡോക്‍ടര്‍ എ.എം.വാസുദേവന്‍ പിള്ള,ഡോക്‍ടര്‍ ടി.പി.ശങ്കരന്‍ കുട്ടിനായന്‍,ഡോക്‍ടര്‍ ലതിക നായര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുമാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

12 ഡൊറിസ് ലെസിങ്ങിന് നോബല്‍ സമ്മാനം

ഒരിക്കല്‍ നോബല്‍ കമ്മിറ്റി എഴുത്തുകാരിയായ ഡൊറിസ് ലെസിങ്ങിനെ അപമാനിച്ചിരുന്നു. നോബല്‍ സമ്മാനം നല്‍കുവാന്‍ മാത്രമുള്ള യോഗ്യത അവര്‍ക്കില്ലെന്ന് പറഞ്ഞ്. എന്നാല്‍, കാലം അവരുടെ കൃതികള്‍ക്ക് തിളക്കം കൂട്ടിയപ്പോള്‍ ഡൊറിസിന് നോബല്‍ സമ്മാനം നല്‍കുവാന്‍ നോബല്‍ കമ്മിറ്റി നിര്‍ബന്ധിതരായി.

ഈയിടെ അന്തരിച്ച സിനിമ സംവിധായകരായ ബെര്‍ഗ്‌മാന്‍,അന്തോണിയോണി എന്നിവരുമായി ആശയ സമാനതകള്‍ പുലര്‍ത്തുന്ന എഴുത്തുകാരിയാണ് ഇവര്‍.ഈ രണ്ടു സംവിധായകര്‍ പുലര്‍ത്തുന്ന ലൈംഗിക, മനശാസ്‌ത്രജ്ഞ,സാമൂഹിക വീക്ഷണങ്ങളാണ് ഡൊറിസും പുലര്‍ത്തുന്നത്.

1962 ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ ഒരു ഫെമിനിസ്റ്റ് കൃതിയായിരുന്നു. അതേസമയം ഒരിക്കല്‍ അവര്‍ പറഞ്ഞിട്ടുണ്ട്: ‘വനിതകളെ അപേക്ഷിച്ച് പുരുഷ‌‌ന്‍‌മാരെയാണ് എനിക്ക് ഇഷ്‌ടം. അവര്‍ എല്ലായ്‌പ്പോഴും സാഹസികതയും പുതുമയും ഇഷ്‌ടപ്പെടുന്നുവെന്നതാണ് ഇതിനു കാരണം.'

പൂച്ചകളെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഡൊറിസ്. ഇവര്‍ 1967 ല്‍ പൂച്ചകളെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി-; ‘പെര്‍ട്ടിക്കുലറി ക്യാറ്റ്സ് ആന്‍‌ഡ് റൂഫൂസ്’ ‌. ഈ പുസ്തകത്തില്‍ പൂച്ചയേക്കാള്‍ വലുതായിട്ട് മനുഷ്യന്‍ വളര്‍ന്നിട്ടില്ലെന്ന് ഡൊറിസ് പറയുന്നുണ്ട്.

മതയാഥാസ്ഥികതയുടെ ഇറാനില്‍ ജനിച്ച് നിഗൂഡതയുടെ ആഫ്രിക്കയില്‍ വളര്‍ന്ന് സ്വാതന്ത്ര്യത്തിന്‍റെ ബ്രിട്ടണിലേക്ക് കുടിയേറിയ സാഹിത്യക്കാരിയാണ് ഡൊറിസ്. നിരന്തരം പരിണാമത്തിന് വിധേയമായ ജീവിത സാഹചര്യമായിരിക്കാം ഒരു പക്ഷെ ഫെമിനിസം, കമ്മ്യൂണിസം,സൂഫിസം എന്നീ വൈവിദ്ധ്യ മേഖലകളിലൂടെ സഞ്ചരിക്കുവാന്‍ ഡൊറിസിനെ പ്രേരിപ്പിച്ചത്.

നോബല്‍ പുരസ്കാരം നേടുന്ന പതിനൊന്നാമത്തെ വനിതയാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ രചനകള്‍ക്കായി സ്വീകരിച്ചിട്ടുള്ള ലെസിങ്ങിന്‍റെ ഏറ്റവും അറിയപ്പെടുന്ന കൃതി 1962 ല്‍ പുറത്തുവന്ന ‘ദ ഗോള്‍ഡന്‍ നോട്ട്‌ബുക്ക്’ആണ്. ഇപ്പോള്‍ ഇറാനിലുള്ള ഖെര്‍‌മാന്‍‌ഷായില്‍ 1919 ഒ-ക്‍ടോബര്‍ 22 നാണ് ലെസിങ്ങ് ജനിച്ചത്.

ആദ്യ നോവല്‍ ‘ദ ഗ്രാസ് ഈസ് സിങ്ങിങ്ങ്’1950 ല്‍ പ്രസിദ്ധീകരിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു. തന്‍റെ രാഷ്‌ട്രീയ ചായ്‌വുകള്‍ അവരെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിച്ചു.

എന്നാല്‍, ഹംഗേറിയന്‍ ചെറുത്തുനില്‍പ്പിന്‍റെ സമയത്ത് 1956 ല്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.ആത്മകഥയുടെ ആദ്യഭാഗമായ ‘അണ്ടര്‍ മൈ സ്കിന്‍’ 1994 ല്‍ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ സയന്‍സ് ഫിക്‍ഷന്‍ കൃതികള്‍ രചിച്ച ലെസിങ്ങ് എണ്‍പത്തിയെട്ടം വയസ്സിലും എഴുത്തില്‍ സജീവമാണ്.’ ദ ക്ലെഫ്‌ട്’(2007) ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃതി

1939 ല്‍ വിസ്‌ദമിനെ ലെസിങ്ങ് വിവാഹം ചെയ്തു. 43 വരെ നീണ്ടു ആ ദാമ്പത്യത്തില്‍ രണ്ട് കുട്ടികളുണ്ടായി. ആ ബന്ധം വേര്‍പെട്ട ശേഷം ജര്‍മന്‍ ഇടതുപക്ഷ പ്രവര്‍ത്തകന്‍ ഗോട്ട്‌ഫ്രൈഡ് ലെസിങ്ങിനെ വിവാഹം ചെയ്തു.1949 അതും അവസാനിച്ചു.

ആ ബന്ധത്തിലുണ്ടായ മകനെയും കൂട്ടി തന്‍റെ ആദ്യ നോവലിന്‍റെ കൈയെഴുത്തു പ്രതിയുമായി ബ്രിട്ടണിലെത്തിയെ ലെസിങ്ങ് ഇപ്പോഴും അവിടത്തന്നെയാണ് താ‍മസിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :