മനുഷ്യ ജീവിതം ശരിതെറ്റുകളുടെ സഞ്ചയമാണ്. അക്കൂട്ടത്തില്‍ ശരിയുടെ അനുപാതം കൂടുതലാവാന്‍ ശ്രമിയ്ക്കുക എന്നതാണ് മനുഷ്യന്‍റെ കടമ. അറിഞ്ഞും അറിയാതെയും സംഭവിയ്ക്കുന്ന തെറ്റുകള്‍ അവയ്ക്കെല്ലാം പ്രായശ്ചിത്തം ചെയ്യാന്‍ ഒരു മാസം അതാണ് റംസാന്‍ വ്രതം.
മനുഷ്യമനസിനെ ശുദ്ധീകരിക്കാനായി റാംസാന്‍ വീണ്ടും വന്നെത്തിയിരിക്കുന്നു. കൈവന്നു പോയ തെറ്റുകള്‍ക്ക് ഈശ്വരനോട് മാപ്പപേക്ഷിച്ചുക്കൊണ്ട് സത്യത്തിന്‍റേയും ധര്‍മ്മത്തിന്‍റേയും വീഥിയിലേയ്ക്ക് നടന്നു ചെല്ലാനാണ് റംസാന്‍ വ്രതം ആചരിക്കുന്നത്.
സര്‍വൈശ്വര്യങ്ങളും ഒരുവനെ തേടിയെത്തണമെങ്കില്‍ അവന്‍റെ മന്‍സ്സില്‍ നന്മയുടെ വിത്തുകള്‍ ഉണ്ടാവണം. അവ പൊട്ടിമുളച്ച് വന്‍വൃക്ഷങ്ങളാവുമ്പോള്‍ സാക്ഷാല്‍ ദൈവം അവനെ എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കുന്നു. തിന്മ നിറഞ്ഞ മനസ്സുമായി ഒരുവന്‍ എന്തെല്ലാം നേടിയാലും അവയൊന്നും അവന്‍ മന:ശാന്തി നല്‍കുകയില്ല.
സമൂഹത്തിലെ എല്ലവരിലേയും നന്മയെ തിരിച്ചറിയുകയും അവരെ ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ അവനും എല്ലാവരാലും അംഗീകരിക്കപ്പെടുന്നു. അത്തരമൊരു അവസ്ഥയിലേയ്ക്ക് മനസിനെ പാകമാക്കാനാണ് റംസാന്‍ വ്രതം അനുഷ്ഠിയ്ക്കുന്നത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലതാക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അധികമുള്ളതിനെ മറ്റുള്ളവര്‍ക്ക് നല്‍കുന്ന മഹത്തായ ദാനത്തിന്‍റേയും മാസമാണ് റംസാന്‍. ഏത് സമ്പന്നനും റംസാന്‍ വ്രതത്തിലൂടെ വിശപ്പിന്‍റെ വിലയറിയുന്നു. ദാരിദ്ര്യം അനുഭവിക്കുന്നവന്‍റെ അവസ്ഥ മനസിലാക്കുകയും പാവപ്പെട്ടവനെ സഹായിക്കനുള്ള മനോഭാവം അവനില്‍ വളരുകയും ചെയ്യുന്നു.
മനുഷ്യന്‍റേയും പ്രകൃത്യുടേയും നന്മയെ ഇസ്ലാമിന്‍റെ പുണ്യപാതയിലൂടെ തിരിച്ചറിയാനുള്ള അവസരമാണ് റംസാന്‍ വ്രതം നല്‍കുന്നത്.