ഇന്ത്യയ്ക്കെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ നിലയില്ലാ കയത്തില്‍. ഇന്ത്യ മുന്നോട്ട് വച്ച 516 റണ്‍സ് പിന്തുടര്‍ന്ന കംഗാരുക്കള്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്ത നിലയിലാണ്. ജയിക്കാന്‍ 375 റണ്‍സ് കൂടി വേണം.
മദ്ധ്യനിരയും വാലറ്റവും മാത്രവും ഒരു ദിവസവും ബാക്കി നില്‍ക്കേ നന്നായി പന്തെറിയുന്ന പക്ഷം ഇന്ത്യ ടെസ്റ്റ് വിജയിക്കും എന്ന ഘട്ടത്തിലാണ്. നാലാം ദിവസം രണ്ടാം ഇന്നിംഗ്സ് കളിക്കുന്ന ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത് 42 റണ്‍സ് എടുത്ത മൈക്കല്‍ ക്ലാര്‍ക്കും 37 റണ്‍സ് എടുത്ത ബ്രാഡ് ഹാഡിനുമാണ്.
ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ് തീര്‍ത്ത ചുഴലിയിലും ഇഷാന്ത് ശര്‍മ്മയുടെ തീപ്പന്തുകളിലും മാത്യൂ ഹെയ്ഡന്‍ (29), സൈമണ്‍ കാറ്റിച്ച് (20), റിക്കി പോണ്ടിംഗ് (രണ്ട്), മൈക്ക് ഹസി (ഒന്ന്), ഷെയിന്‍ വാട്സണ്‍ (രണ്ട്) എന്നിവരാണ് കൂടാരം കയറിയത്.
ഹെയ്ഡന്‍, കാറ്റിച്ച്, മൈക്ക്‌ഹസി എന്നീ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഹര്‍ഭജന്‍ പിഴുതപ്പോള്‍ പോണ്ടിംഗും വാട്സണും ഇഷാന്തിന്‍റെ പന്തുകള്‍ നേരിടാനാകാതെ തുടക്കത്തിലേ മടങ്ങി.
നേരത്തെ ഇന്ത്യ ഗംഭീര്‍ (104) വീരേന്ദ്ര സെവാഗ്(90) , ധോനി (68), സൌരവ് ഗാംഗുലി (27), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (10) എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെ പിന്‍ബലത്തില്‍ 314 നു ഇന്നിംഗ്സ് ഡിക്ലയാര്‍ ചെയ്തിരുന്നു.