Mothers Day Special : കവിത: തകര്‍ന്നുവീണ ഹൃദയത്തില്‍ നിന്ന്...

നവ്യ ജോസഫ്| Last Modified ഞായര്‍, 8 മെയ് 2022 (10:11 IST)

-നവ്യ ജോസഫ്-

അമ്മ മരിച്ച വീട്ടിലെ
നിലവിളികളെക്കുറിച്ച്,
രാത്രികളെക്കുറിച്ച്,
പകലുകളെക്കുറിച്ച്
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

രക്തക്കുഴലുകള്‍
മരവിച്ചതായും,
കാഴ്ചയില്‍ ഇരുട്ട്
പടരുന്നതായും,
ശബ്ദമില്ലാതെ നാവ്
വരളുന്നതായും,
ഒഴുകാനാവാതെ മിഴി
വറ്റുന്നതായും നിങ്ങള്‍ക്ക്
അനുഭവപെട്ടിട്ടുണ്ടോ?

തകര്‍ന്ന ഹൃദയമിടിപ്പുകള്‍
ചുറ്റുഭിത്തിയില്‍ പ്രതിധ്വനിച്ച്
നിങ്ങളുടെ കേഴ്വിയെ
അസ്വസ്ഥമാക്കിയിട്ടുണ്ടോ?

ഇങ്ങനെ,
ഇങ്ങനെയൊക്കെയാണ്
മരണവീട്ടില്‍ നിലവിളികള്‍
പിറവിയെടുക്കുന്നത് !

ആദ്യം നിശബ്ദമാക്കും
പിന്നെ കണ്ണുനീര്‍വാര്‍ക്കും
പിന്നെ നിലയില്ലാത്താഴത്തിലേക്ക്
അബോധത്തില്‍ അലറി വിളിക്കും..

ഉണരാത്തമ്മക്ക് ഉറങ്ങാതെ
നിങ്ങള്‍ കൂട്ടിരുന്നിട്ടുണ്ടോ?

മുടിചൂടുന്ന മുല്ലപ്പൂക്കള്‍ക്ക്
ശവമഞ്ചഗന്ധമാണെന്നും,
ചന്ദനത്തിരി നാസാരങ്ങളെ
മരവിപ്പിക്കുമെന്നും
കണ്ണുനീര് കവിളിനെ
പൊള്ളിക്കുമെന്നും
അപ്പോഴാണ് നിങ്ങളറിയുക..

അമ്മ ഉണരാത്ത പ്രഭാതങ്ങളില്‍
നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടോ?

പിന്നാമ്പുറത്ത് ചാരിവെച്ച കുറ്റിച്ചൂലും
കരഞ്ഞുറങ്ങുന്നുണ്ടാവും,
തൊടിയിലെ പൂക്കള്‍ പാതിവാടി
വിടരാന്‍ മടിക്കുന്നുണ്ടാവും..

പാല്‍പാത്രത്തിലും പൈപ്പുപിടിയിലും
തലോടി തലോടി അമ്മയുടെ വിരല്‍-
പ്പാടുകള്‍ നിങ്ങള്‍ തൊട്ടറിയും..

നോവ് നീറ്റുമ്പോഴൊക്കെ
അലമാരക്കരികെ-
യിരുന്ന് സാരിമണങ്ങളില്‍
മരുന്ന് കണ്ടെത്തും..

തളരില്ലെന്ന് പറഞ്ഞുപഠിപ്പിച്ച മനസ്സ്,
ഹോസ്റ്റല്‍ മുറിയിലെ
കട്ടില്‍കാലില്‍ തലതല്ലികരയുന്നകണ്ട് നിസ്സഹായതയോടെ
നിങ്ങള്‍ നോക്കി നില്‍ക്കും..

ഉറക്കം വരാത്ത രാത്രികളില്‍
വരാന്തയുടെ ആകാശത്തെ
നക്ഷത്രങ്ങളില്‍
അമ്മമുഖം നിങ്ങള്‍ കാണും..

അങ്ങനെയങ്ങനെ ഓരോ വഴികളിലും
നിങ്ങളവരെ തിരഞ്ഞുകൊണ്ടേയിരിക്കും
ഒറ്റക്കിരിക്കുമ്പോഴൊക്കെ ഓരത്തിരു-
ന്നെങ്കിലെന്ന് കിനാവുകാണും..

ഉണങ്ങാത്ത മുറിവിനെ താരാട്ടിയും
ചുംബിച്ചും അവ ദുഃസ്വപ്നങ്ങളാ-
വണേയെന്നാശിക്കും..

ഉറങ്ങിയുണരുമ്പോള്‍
സ്വപ്നങ്ങളല്ലെന്നറിയുമ്പോള്‍
നിങ്ങളുടെ ഹൃദയം
വീണ്ടും തകര്‍ന്നുവീഴും..

വാരിയെടുത്ത് ചേര്‍ത്തു-
വെക്കാനായെങ്കിലെന്ന് മോഹിച്ച്
വീണ്ടും വീണ്ടും നിങ്ങള്‍
മുറിപ്പെട്ടുകൊണ്ടേയിരിക്കും..





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :