പോലീസില്‍ ആളെ വേണ്ട ! നിയമന ശുപാര്‍ശ കുത്തനെ കുറഞ്ഞു, ഉദ്യോഗാര്‍ത്ഥികള്‍ തെരുവില്‍ സമരത്തില്‍

ഏപ്രില്‍ 12ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇതുവരെ 4029 നിയമന ശുപാര്‍ശകള്‍ മാത്രമേ പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ഉണ്ടായിട്ടുള്ളൂ.

കെ ആര്‍ അനൂപ്| Last Modified ശനി, 16 മാര്‍ച്ച് 2024 (09:14 IST)
സിവില്‍ പോലീസ് ഓഫീസര്‍മാരുടെ (530/2019) റാങ്ക് പട്ടിക അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒരു വര്‍ഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത് വര്‍ഷങ്ങള്‍ നീണ്ട നടപടി ക്രമങ്ങളിലൂടെ. പോലീസ് ചരിത്രത്തില്‍ ആദ്യമായി രണ്ടു പരീക്ഷകള്‍ 2021ലും 2022ലുമായി നടന്നു. ഏപ്രില്‍ 12ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇതുവരെ 4029 നിയമന ശുപാര്‍ശകള്‍ മാത്രമേ പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ഉണ്ടായിട്ടുള്ളൂ. 2020 ജൂണില്‍ അവസാനിച്ച പഴയ റാങ്ക് പട്ടികയില്‍ നിന്ന് 5600 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. 1600 -ഓളം ഒഴിവുകളുടെ കുറവാണ് കാണുന്നത്. ഇതില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ബറ്റാലിയനായ കെ.എ.പി. -2 ബറ്റാലിയിലേക്കുള്ള പട്ടികയില്‍ ആകെ 2456 പേരാണ് ഇടം നേടിയത് .കഴിഞ്ഞ ഏപ്രില്‍ വന്ന പട്ടികയില്‍ ഇതുവരെ നിയമനം ലഭിച്ചത് 458 പേര്‍ക്ക് മാത്രം. ബാക്കിയുള്ള 6 ബറ്റാലിയനുകളിലെ സ്ഥിതിയും ഇതുതന്നെയാണ്.
കെ.എ.പി-1(എറണാകുളം)-528 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചത്. 1449 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞതവണ ഇവിടെ നിന്ന് 602 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.കെ.എ.പി-2(തൃശ്ശൂര്‍) 548 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. 2456 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞതവണ 951 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു.കെ.എ.പി-3 (പത്തനംതിട്ട) 728 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. 1711 പേര്‍ റാങ്ക് ലിസ്റ്റില്‍ 763 പേര്‍ക്കാണ് കഴിഞ്ഞതവണ നിയമന ശുപാര്‍ശ ലഭിച്ചത്.കെ.എ.പി-4 (കാസര്‍കോട്) 559 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. 2220 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 754 പേര്‍ക്ക് കഴിഞ്ഞതവണ നിയമന ശുപാര്‍ശ ലഭിച്ചു.കെ.എ.പി-5 (ഇടുക്കി) 387 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചത്. 1590 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 600 പേര്‍ക്ക് കഴിഞ്ഞതവണ നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. എസ്.എ.പി തിരുവനന്തപുരം 528 പേര്‍ക്ക് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചു. 20123 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1108 പേര്‍ക്ക് കഴിഞ്ഞ തവണ നിയമന ശുപാര്‍ശ ലഭിച്ചു. എം.എസ്.പി മലപ്പുറം 751 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. റാങ്ക് പട്ടികയില്‍ ഉള്ളവര്‍ 2426. കഴിഞ്ഞതവണ 832 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു.

പോലീസുകാരുടെ ശക്തി വര്‍ധിപ്പിക്കും എന്ന പ്രഖ്യാപനം സിപിഒ നിയമനത്തില്‍ കാണാനാകുന്നില്ല. 7 ബറ്റാലിയനുകളിലായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 13975ആണ്. സേനയില്‍ ഉണ്ടാകുന്ന ആത്മഹത്യകളും ജോലിഭാരവും ജോലി ഉപേക്ഷിക്കലും കണക്കിലെടുത്താണ് സേനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടായത്. ഓരോ സ്റ്റേഷനിലും വേണ്ട കോണ്‍സിബിള്‍ തസ്തിക സംബന്ധിച്ച് ആഭ്യന്തര വകുപ്പ് കണക്കെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ശുപാര്‍ച്ചയില്‍ ഇനിയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഡെപ്യൂട്ടീഷന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി. ഡോ.വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശുപത്രികളുടെ സുരക്ഷ പോലീസിന് കൈമാറാനുള്ള നിര്‍ദ്ദേശവും ഇതുവരെയും നടപ്പിലായില്ല.
പൊതു വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26 വയസ്സുവരെ മാത്രം അപേക്ഷിക്കാന്‍ പ്രായപരിധിയുള്ള തസ്തികയാണ് ഇത്. നാലുവര്‍ഷം നീണ്ട പരീക്ഷ നടപടിക്രമങ്ങളിലൂടെ പട്ടികിലുള്ള 80 ശതമാനത്തിലധികം പേര്‍ക്കും ഇനി പരീക്ഷ എഴുതാന്‍ കഴിയില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് കൂടിയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കിലാക്കി നിയമനം നടത്തുകയോ പട്ടികയുടെ കാലാവധി മൂന്നുവര്‍ഷം ആക്കുകയോ വേണമെന്നാണ് ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികളുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :