നാം ആഘോഷിക്കുന്ന നവരാത്രി ഒന്നേയുള്ളു. എന്നാല്‍ കൊല്ലത്തില്‍ നാലു നവരാത്രികള്‍ ഉണ്ട്. പ്രധാന ഋതുക്കളുടെ ആരംഭത്തിലാണ് ഇവ വരുന്നത്. ആശ്വിനം, ചൈത്രം, മാഘം, ആഷാഢം എന്നീ മാസങ്ങളിലാണ് നവരാത്രികള്‍ ഉള്ളത്.
ഇവയില്‍ ശരത്കാലത്തിന്‍റെ തുടക്കത്തില്‍ ആശ്വിനി മാസത്തില്‍ വരുന്ന നവരാത്രിയാണ് കേരളത്തില്‍, ഇന്ത്യയില്‍ പൊതുവേയും ആഘോഷിക്കുന്നത്. വസന്തര്‍ത്തുവിന്‍റെ ആരംഭത്തില്‍ വരുന്ന ചൈത്രമാസ നവരാത്രിയും പലയിടത്തും ആരംഭിക്കാറുണ്ട്.
വസന്തത്തിലും ശരത്തിലും ദേവിയെ ഭക്ത്യാദരപൂര്‍വ്വം സ്മരിക്കുകയും പൂജിക്കുകയും വേണം എന്ന് ദേവീഭാഗവതത്തില്‍ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ രോഗ പീഢകളും വൈഷമ്യങ്ങളും ഉണ്ടാവാന്‍ ഇടയുള്ളതുകൊണ്ടാണ് ഈ കാലത്ത് ദേവീ ഉപാസന അനിവാര്യമാവുന്നത്.
ആദിപരാശക്തി ഈ ലോകത്തിന്‍റെ തന്നെ അമ്മയാണ്. ലോകരെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും ആവില്ല. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെല്ലാം ഒരുപോലെ ഒരേസമയം നിര്‍വഹിക്കുന്ന ലോക ശക്തിയാണ് പരാശക്തി. പരാശക്തിയുടെ പൂജയ്ക്കുള്ള സമയമാണ് നവരാത്രി.
ആശ്വിനി മാസത്തിലെ വെളുത്തപക്ഷത്തിലെ ഒന്നാം നാള്‍ (പ്രഥമ) മുതല്‍ നവമി വരെയുള്ള തിഥികളില്‍ ദേവീ പൂജ ചെയ്യുന്നത് ഉത്തമമാണ്.