ദക്ഷിണകേരളത്തിലെ സരസ്വതിദേവിക്ഷേത്രം

WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (20:04 IST)
വട്ടിയൂര്‍ക്കാവ് ശ്രീ അറപ്പുര ഈശ്വരിയമ്മന്‍ കോവില്‍

ദുര്‍ഗ, സരസ്വതി, ലക്ഷ്മി എന്നീ ശക്തികളുടെ ഒന്നിച്ചുള്ള സാന്നിദ്ധ്യം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലുണ്ട്. എങ്കിലും സരസ്വതിക്ക് മാത്രമായുള്ള ക്ഷേത്രങ്ങള്‍ തുലോം വിരളമാണ്.

എറണാകുളത്തെ പറവൂരിലും കോട്ടയത്തെ പനച്ചിക്കാട്ടുമാണ് അറിയപ്പെടുന്ന പ്രധാന സരസ്വതിക്ഷേത്രങ്ങള്‍. തെക്കന്‍കേരളത്തിലെ, ഒരു പക്ഷെ, ഏക സരസ്വതിക്ഷേത്രമാണ് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ അറപ്പുരയിലുള്ള ഈശ്വരിയമ്മന്‍ സരസ്വതീ ദേവി ക്ഷേത്രം.

എല്ലാ വര്‍ഷവും ഇവിടെ നവരാത്രിക്കാലം അതിവിശിഷ്‌ടമായി ആഘോഷിച്ചുവരുന്നു.

കേരളത്തിലെ മറ്റൊരിടത്തും കാണാത്ത അതിവിശിഷ്‌ടമായ ബാലസരസ്വതിപൂജ വിജയദശമി ദിവസം ഇവിടെ നടക്കും. ബാലികമാരായ കുട്ടികളെ ബാലസരസ്വതിയായി സങ്കല്പിച്ച് ഭക്ത്യാദരങ്ങളോടെ പഞ്ചവാദ്യം, നാഗസ്വരം, താലപ്പൊലി എന്നിവ സമേതം ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ച് കാല്‍ കഴുകി അര്‍ച്ചന, ആരാധന എന്നിവ നടത്തി ഭക്ഷണവും ദക്ഷിണയും നല്‍കുന്ന ചടങ്ങാണിത്.

ബാലസരസ്വതിമാരായ കുട്ടികള്‍ക്ക് കര്‍മ്മശുദ്ധി, കാര്യവിജയം, വിദ്യാഭിവൃദ്ധി എന്നിവയും കുടുംബൈശ്വര്യവും ഈശ്വരാധീനവും ലഭിക്കും എന്നാണ് വിശ്വാസം. വെള്ള വസ്ത്രം അണിഞ്ഞ് പൂ ചൂടി സര്‍വ്വാഭരണ വിഭൂഷിതരായാണ് ബാലസരസ്വതിമാര്‍ പൂജ സ്വീകരിക്കാന്‍ എത്തുന്നത്.

നവരാത്രിക്കാലത്ത് വിദ്യാ മണ്ഡപത്തില്‍ വിശേഷാല്‍ പൂജയും സാരസ്വതം അര്‍ച്ചനയും ദീപാരാധനയും നടക്കുന്നു. ആറാം ദിവസമായ ഒക്‍ടോബര്‍ അഞ്ചിന് പുഷ്പാഭിഷേകം, പത്താം ദിവസമായ വിജയദശമിക്ക് ഗണപതി ഹോമം, വിദ്യാരംഭം എന്നിവയാണ് ചടങ്ങുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :