‘മോഡി കരുത്തനായ നേതാവ്; അദ്ദേഹത്തിന്റെ ആഗ്രഹം ദൈവം സാധിച്ചു നല്‍കും’

ചെന്നൈ| WEBDUNIA|
PRO
PRO
മോഡി കരുത്തനായ നേതാവെന്ന് രജനീകാന്ത്. ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി സ്റ്റൈല്‍ മന്നന്‍ രജനീകാന്തുമായി കൂടിക്കാഴ്‌ച നടത്തി. തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം ചെന്നൈയിലെത്തിയ മോഡി ഇന്നലെ വൈകിട്ടാണ് രജനിയുടെ വസതിയിലെത്തിയത്‌. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ആശംസകള്‍ കൈമാറിയതായും കൂടിക്കാഴ്‌ചയ്‌ക്കുശേഷം രജനികാന്ത്‌ പറഞ്ഞു.

“എല്ലാവര്‍ക്കും അറിയാം അദ്ദേഹം ശക്തനായ നേതാവും മികച്ച ഭരണാധികാരിയുമാണ്. എപ്പോഴും ദൈവം അദ്ദേഹത്തോടൊപ്പമാണ്. അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം എപ്പോള്‍ എന്ത് ആഗ്രഹിച്ചാലും സാധിച്ചു നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കും” രജനീകാന്ത് പറഞ്ഞു. എന്നാല്‍ ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്നെക്കാണാന്‍ മോഡി എത്തിയിരുന്നു. അപ്പോള്‍ ചെന്നൈയില്‍ എത്തുമ്പോള്‍ ഒരു കപ്പ് ചായ കുടിക്കാന്‍ വീട്ടിലെത്തണമെന്ന് പറഞ്ഞിരുന്നത് കൊണ്ടാണ് മോഡി എത്തിയതെന്നും രജനി പറഞ്ഞു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്ന് രജനിയോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട് മോഡി വ്യക്തമാക്കി.

രജനികാന്തിനെ ആശ്ലേഷിച്ച്‌ തമിഴ്‌ പുതുവര്‍ഷാശംസകള്‍ നേര്‍ന്ന ശേഷമാണ്‌ മോഡി പ്രചാരണസ്‌ഥലത്തേക്കു പോയത്‌. തെരഞ്ഞെടുപ്പില്‍ സ്‌റ്റെല്‍മന്നന്റെ പിന്തുണ തേടാനാണു മോഡി അദ്ദേഹത്തെ വസതിയില്‍ സന്ദര്‍ശിച്ചതെന്നാണു സൂചന. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം രൂപീകരിച്ചതിനുശേഷമുള്ള മോഡിയുടെ സന്ദര്‍ശനത്തിന്‌ ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്‌.

രജനികാന്ത്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്നലത്തെ സന്ദര്‍ശനത്തിലൂടെ ആരാധകരുടെ വോട്ടുറപ്പിക്കാമെന്നാണു തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :