നന്ദേദ്-ബാംഗ്ലൂര്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെ പുട്ടപ്പര്‍ത്തി സ്‌റ്റേഷന് അടുത്തു വച്ചാണ് തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ ടു ടയര്‍ എസി കോച്ചിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ , അപകടകാരണത്തെ കുറിച്ച് റെയില്‍വെ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. തീപിടിക്കുമ്പോള്‍ എ.സി. ബോഗിയില്‍ എഴപത്തിരണ്ട് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ പലരും തീ പടര്‍ന്നു തുടങ്ങിയതോടെ ചാടി രക്ഷപ്പെട്ടതായാണ് കരുതുന്നത്. ഇരുട്ടും കനത്ത മൂടല്‍മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.
മരിച്ചവരില്‍ ഏറെയും ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുന്നവരാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വേമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ അഞ്ചു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.