ഹിലാരി താമസിക്കുന്നത് താജില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 16 ജൂലൈ 2009 (15:33 IST)
മുംബൈ ഭീകരാക്രമണ ലക്‍ഷ്യങ്ങളില്‍ ഒന്നായിരുന്ന ഹോട്ടല്‍ ടാജ്മഹല്‍ പാലസിലായിരിക്കും ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ താമസിക്കുക. വെള്ളിയാഴ്ചയാണ് ഹിലാരി മുംബൈയില്‍ എത്തുന്നത്.

ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പ്രതീകാത്മക പിന്തുണയാണ് ടാജില്‍ താമസിക്കാനുള്ള ഹിലാരിയുടെ തീരുമാനമെന്ന് മുംബൈ പൊലീസ് കരുതുന്നു. ഹിലാരിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് എടി‌എസ് തലവന്‍ കെ പി രഘുവംശി വെളിപ്പെടുത്തി.

മുംബൈ പൊലീസിനും എടി‌എസിനും പുറമെ, ദ്രുതകര്‍മ്മ സേന, സംസ്ഥാന റിസര്‍വ് പൊലീസ്, ട്രാഫിക് പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഹിലാരിക്ക് വേണ്ടി മുഴുവന്‍ സമയ സുരക്ഷ ഒരുക്കുമെന്നാണ് സൂചന.

ഹിലാരിയുടെ പരിപാടികള്‍ക്ക് അനുസൃതമായി എല്ലാ റോഡുകളിലും ഭീകരര്‍ ആക്രമണം നടത്തിയ മറ്റ് സ്ഥലങ്ങളിലും കനത്ത സുരക്ഷാ വലയമായിരിക്കും ഉണ്ടായിരിക്കുക. മുംബൈ ഭീകരാക്രമണം നടന്ന ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിലാരി ആക്രമണത്തിനിരയായ ആളുകളെയും കാണുമെന്നാണ് സൂചന.

ജൂലൈ 17ന് മുംബൈയില്‍ എത്തുന്ന ഹിലാരി 19ന് ആയിരിക്കും ന്യൂഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ എന്നിവരുമായി ചര്‍ച്ച നടത്തും. 21ന് തായ്‌ലന്‍ഡിലേക്ക് യാത്രതിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :