WEBDUNIA|
Last Modified ശനി, 31 മെയ് 2008 (16:19 IST)
സ്വരക്ഷയ്ക്കായി കൊല നടത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുതിയ നിര്‍വചനം പുറപ്പെടുവിച്ചു. തനിക്കോ തന്‍റെ സ്വത്തിനോ അപകടം ഉണ്ടാവുകയും സംരക്ഷണം നല്‍കാന്‍ ചുമതലയുളള സംസ്ഥാന സംവിധാനം ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലല്ലാതെ സ്വയരക്ഷയ്ക്കായി കൊല നടത്തിയെന്ന് അവകാശപ്പെടാനാവില്ലെന്നാണ് സുപ്രീം കോടതി വ്യാഖ്യാനം.
സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം അപകട സമയത്ത് ലഭ്യമല്ലെങ്കില്‍ ഒരു വ്യക്തിക്ക് ബലം പ്രയോഗിച്ച് സ്വയം സംരക്ഷണം നടത്തുന്നതിന് ന്യായീകരണമുണ്ട്. മദ്ധ്യപ്രദേശിലെ കാന്താരി ഗ്രാമത്തില്‍ രാഷ്ട്രീയ വൈരാഗ്യം മൂലം കൊലനടത്തിയതിന് ജീവപര്യന്തം തടവ് വിധിച്ചതിനെതിരെ മൂന്ന് പേര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
ഒരു വ്യക്തി ബലം പ്രയോഗിച്ചത് ശരിയാണോ എന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നത് ഉചിതമാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നിലനില്‍ക്കുന്ന സാഹചര്യം, ബലം പ്രയോഗിച്ചപ്പോള്‍ വ്യക്തിയുടെ മാനസിക വ്യാപാരം, കൊലയുമായി ബന്ധപ്പെട്ട സ്വഭാവവും ആശയക്കുഴപ്പവും തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതിന് കണക്കിലെടുക്കണം - ജസ്റ്റിസ് എസ് ബി സിന്‍ഹ, ജസ്റ്റിസ്ദ് എച്ച് എസ് ബേദി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ പ്രേം സിംഗ് എന്ന ആളെ കൊല ചെയ്തതിന് ജിവപര്യന്തം ശിക്ഷ ലഭിച്ച കുബെര്‍ സിംഗ്, ഭൂപീന്ദര്‍ സിംഗ്, കുബെര്‍ സിംഗ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് കൊല നടത്തേണ്ടി വന്നതെന്ന് ഇവര്‍ കോടതിയില്‍ പറയുകയുണ്ടായി.