സോണിയയും കല്‍മാഡിയെ തഴഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 16 ഒക്‌ടോബര്‍ 2010 (13:55 IST)
ഗെയിംസ് മെഡല്‍ ജേതാക്കളെ അഭിനന്ദിക്കാന്‍ യുപി‌എ അധ്യക്ഷ സോണിയഗാന്ധി ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിയിലും ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ ക്ഷണിച്ചില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ മെഡല്‍ ജേതാക്കളെ അഭിനന്ദിക്കുന്നതിന് സംഘടിപ്പിച്ച ചായ സല്‍ക്കാരത്തിലും കല്‍മാഡിക്ക് സ്ഥാനമില്ലായിരുന്നു.

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും നിര്‍ല്ലോഭം പ്രശംസിച്ചു എങ്കിലും കല്‍മാഡിയെ അവര്‍ കൈവിടുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കെടുകാര്യസ്ഥതയും അഴിമതിയും കാരണം കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ നിറം മങ്ങിയതിന് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്ക് കടുത്ത നടപടികളെ നേരിടേണ്ടി വന്നേക്കുമെന്ന സൂചനയാണിത്.

മുന്‍ സി‌എജി വി കെ ഷുംഗ്ലൂവിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച മൂന്നംഗ സമിതി ഗെയിംസ് അഴിമതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി, ഡല്‍ഹി ലഫ്.ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന തുടങ്ങി സംഘാടക സമിതിയുമായി ബന്ധപ്പെട്ട 23 ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാവും അന്വേഷണം നടക്കുക എന്നും വ്യക്തമായിട്ടുണ്ട്.

ഗെയിംസിനു ശേഷം ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാ‍റാണെന്ന് കല്‍മാഡി പലതവണ ആവര്‍ത്തിച്ചിരുന്നു. കല്‍മാഡിയെ ക്ഷണിക്കാത്ത രണ്ട് ചടങ്ങുകളിലും കായിക മന്ത്രി എം എസ് ഗില്‍ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :