സോണിയ വീണ്ടും “ ടൈംസ് ശക്ത ”

PTI
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീന ശക്തിയുള്ള 100 പേരെ കണ്ടെത്താനായി ടൈംസ് മാഗസിന്‍ തയ്യാറാക്കുന്ന പട്ടികയില്‍ സോണിയ ഗാന്ധി വീണ്ടും ഇടം പിടിക്കുന്നു. ഇപ്പോള്‍ തയ്യാ‍റായിട്ടുള്ള 203 പേരുടെ പട്ടികയില്‍ സോണിയയ്ക്ക് നാല്‍പ്പത്തി മൂന്നാം സ്ഥാനവും രത്തന്‍ ടാറ്റയ്ക്ക് നൂറ്റിരണ്ടാം സ്ഥാനവുമാണ്.

ടൈംസ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാധീന ശക്തിയുള്ളവരുടെ പട്ടികയില്‍ രണ്ട് തവണ സോണിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 4ചാന്‍ ഡോട്ട് ഒ‌ആര്‍ജി സൌജന്യ അപ്‌ലോഡിംഗ് സൈറ്റിന്‍റെ ഉടമയായ ‘മൂട്ട്’ ആണ്. ഈ സൈറ്റിലൂടെ വ്യക്തിവിവരം നല്‍കാതെ അഭിപ്രായങ്ങളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാന്‍ അനുവദിച്ചതാണ് ഇദ്ദേഹത്തിന്‍റെ സ്വാധീന ശേഷിയെ ഒന്നാമതെത്തിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയാവട്ടെ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ്.

ഇപ്പോഴത്തെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഏഴ് പേരാണ് ഉള്ളത്.

പെട്രോള്‍ രാജാവെന്ന് മാസിക വിശേഷിപ്പിക്കുന്ന അംബാനി പട്ടികയില്‍ 169 ആം സ്ഥാനത്താണ്. കോള റാണി ഇന്ദ്ര നൂയി, യു ടി വിയിലെ റോണി സ്ക്രൂവാല, നീല്‍ കഷ്കാരി, രാം ചരന്‍ എന്നിവരും പട്ടികയിലുണ്ട്.

ഇന്ത്യയിലെ ശക്തമായ ഒരു കുടുംബത്തില്‍ നിന്നുള്ള അംഗം എന്നതിനുപരി, ഓരോമണ്ഡലങ്ങളുടെയും പ്രിയങ്കരിയായിട്ടാണ് സോണിയയെ മാഗസിന്‍ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാറായ നാനോ പുറത്തിറക്കിയതാണ് ടാറ്റയെ സ്വാധീന ശക്തിയുള്ളവരുടെ പട്ടികയിലേക്ക് പരിഗണിക്കാന്‍ കാരണം.

അവസാന 100 പേരുടെ പട്ടിക ടൈംസ് പിന്നീട് പ്രസിദ്ധീ‍കരിക്കും.

ന്യൂയോര്‍ക്ക്| PRATHAPA CHANDRAN| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (18:46 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :