ഇസ്ലാമാബാദ്|
Last Modified ഞായര്‍, 27 ഡിസംബര്‍ 2015 (10:04 IST)
ജനുവരിയില്‍ നടക്കുന്ന
ഇന്ത്യ - പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ കശ്മീര്‍ ചര്‍ച്ചാവിഷയമാകുമെന്ന് പാകിസ്ഥാന്. പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണരേഖയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സെക്രട്ടറിതല ചര്‍ച്ചയില്‍ കശ്മീര്‍ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും ചര്‍ച്ചാവിഷയമാകും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് സമാധാന ജീവിതം നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. എന്നാല്‍ രണ്ടുരാജ്യങ്ങള്‍ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉടന്‍ പരിഹാരം കാണാനാകില്ലെന്നും സര്‍താജ് അസീസ് പറഞ്ഞു. നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നാണ് അസീസ് പറഞ്ഞത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്ഥാന് സന്ദര്‍ശനത്തിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ജനുവരിയില്‍ നടക്കാനുള്ള കളമൊരുങ്ങിയത്. മോഡിയുടെ ‘മിന്നല്‍ നയതന്ത്ര’ നീക്കം ഫലം കണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.