സുനന്ദ പുഷ്കറിന്റെ മരണം: മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി| Joys Joy| Last Modified വ്യാഴം, 22 ജനുവരി 2015 (08:19 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉടന്‍ ഉണ്ടായേക്കും. പ്രധാനമായും എട്ടുപേരെ ആയിരിക്കും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുക. ഇതില്‍ മൂന്നു രാഷ്‌ട്രീയക്കാര്‍ ,മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ , രണ്ടു വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ മിക്കവരും സുനന്ദയുമായോ ശശി തരൂരുമായോ 2014 ജനുവരി 16, 17 തിയതികളില്‍ സംസാരിച്ചവരാണ്. ഇക്കാരണത്താലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കന്വാളിനെ വ്യാഴാഴ്ച ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ബുധനാഴ്ച വൈകുന്നേരം കന്വാള്‍ ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചിരുന്നു. കന്വാളിനെ കൂടാതെ രണ്ടു വനിതാമാധ്യമപ്രവര്‍ത്തകരെയും ചോദ്യം ചെയ്യുമെന്ന് പ്രത്യേകാന്വേഷണ സംഘത്തിലെ അംഗം വെളിപ്പെടുത്തി. നളിനി സിംഗ്, മെഹര്‍ തരാര്‍ എന്നിവരെ ആയിരിക്കും ചോദ്യം ചെയ്യുക.

കഴിഞ്ഞവര്‍ഷം ജനുവരി 17ന് ആയിരുന്നു സുനന്ദയെ ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവികമരണമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞയിടെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം വേഗത്തിലാകുകയും ശശി തരൂര്‍ അടക്കം നിരവധി പേരെ ഇതുവരെ ചോദ്യം ചെയ്യുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :