സത്യം കേസ് അന്വേഷിക്കുന്ന ആന്ധ്രാപ്രദേശ് കുറ്റാന്വേഷണ വിഭാഗം കൂടുതല്‍ തെളിവുകള്‍ക്കായി സൈബര്‍ വിദഗ്ധരുടെ സഹായം തേടുന്നു. സത്യം മുന്‍ ചെയര്മാന് രാമലിംഗ രാജുവിന്റെ ഇ-മെയില്‍ സന്ദേശങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് സൈബര്‍ വിദഗ്ദ്ധരുടെ സഹായം തേടാന്‍ സിഐഡി തീരുമാനിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ താന്‍ അയച്ചതും സ്വീകരിച്ചതുമായ നിരവധി ഇ-മെയില്‍ സന്ദേശങ്ങള്‍ രാജു നശിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം നാല് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട രാജുവിനേയും സഹോദരന് രാമ രാജുവിനേയും മുന്‍ സിഎഫ്ഒ വദ്ലമണി ശ്രീനിവാസിനേയും സിഐഡി ചോദ്യം ചെയ്തുതുടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്നതരത്തിലുള്ള ഒരു വിവരവും ഇവരില്‍ നിന്ന് പൊലീസിന് നേടാനായിട്ടില്ല. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയും തുടര്‍ന്നേയ്ക്കും.
7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിന് രാമലിംഗ രാജുവിനേയും സഹോദരന് രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരേയും ജനുവരി 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേസമയം, രാജുവിന്റെ ജാമ്യ ഹര്ജിയിന്മേലുള്ള വാദം കേള്‍ക്കല്‍ ഹൈദരാബാദ് കോടതിയില്‍ ഇന്ന് നടക്കും.