സിബിഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ നിയമഭേദഗതി

ഡല്‍ഹി| WEBDUNIA|
PRO
സിബിഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിതല സമിതി തീരുമാനം. നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് പ്രകാരം സിബിഐയെ സ്വതന്ത്രമാക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരില്ല.

കല്‍ക്കാരിപ്പാടം അഴിമതിയിലെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സിബിഐയെ സ്വതന്ത്രമാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതിനായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച മന്ത്രിതല സമിതി സിബിഐക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിച്ചേക്കില്ല.<

സിബിഐക്ക് അധികാരം നല്‍കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാനാണ് സമിതിയുടെ തീരുമാനം. സിബിഐ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് അന്വേഷണാനന്തരം കുറ്റപത്രം പരിശോധിക്കുന്നതിനുള്ള അധികാരം നിലനിര്‍ത്തും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിയമമന്ത്രിക്കായതുകൊണ്ട് ഈ അധികാരം എടുത്തുകളയണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

ജോയിന്റ് സെക്രട്ടറി തലത്തിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥയും മാറ്റില്ല. പകരം മൂന്ന് മാസത്തിനകം വിചാരണ അനുമതിയില്‍ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കും. നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടു വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :