സിപി‌എമ്മിനെ പേടിപ്പിക്കാന്‍ ‘ഹോട്ട്‌മെയില്‍ ഭാട്ടിയ’!

കൊല്‍ക്കത്ത| WEBDUNIA|
PRO
തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ ഒരു സൈബര്‍ തെരഞ്ഞെടുപ്പ് യുദ്ധത്തിനൊരുങ്ങുകയാണ്. ഇതിന് സഹായിക്കുന്നത് ആരെന്നറിഞ്ഞാല്‍ പശ്ചിമബംഗാളിലെ സിപി‌എം ഒന്ന് നടുങ്ങും! ഹോട്ട്‌മെയില്‍ സ്ഥാപകരിലൊരാളായ സാക്ഷാല്‍ സബീര്‍ ഭാട്ടിയ ആണ് ഇത്തവണ തൃണമൂലിന്റെ സൈബര്‍ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

രണ്ട് ഐഐ‌എം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 പേരാണ് തൃണമൂലിന്റെ സൈബര്‍ ടീമിലുള്ളത്. ഡെറിക് ഒബ്രയാനാണ് ടീമിന്റെ തലവന്‍. ജനങ്ങള്‍ക്ക് പാര്‍ട്ടിയുമായി നേരിട്ട് സംവദിക്കാന്‍ സഹായിക്കുന്ന ഒരു പോര്‍ട്ടല്‍ തയ്യാറാക്കാനാണ് ലക്‍‌ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പറയുന്നു. ഇന്റര്‍നെറ്റിനെ പാര്‍ട്ടിയും ജനങ്ങളും തമ്മിലും ജനങ്ങളും സര്‍ക്കാരും തമ്മിലുമുള്ള ഒരു പാലമാക്കി മാറ്റാനാണ് ലക്‍ഷ്യമിടുന്നത് എന്ന് ഒബ്രയാനും വ്യക്തമാക്കിയിട്ടുണ്ട്.

നേതാക്കള്‍ക്ക് ജനങ്ങളുമായി സംവദിക്കാന്‍ ഇന്റര്‍നെറ്റാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഒരു സംഘടന എത്രത്തോളം ‘നെറ്റ്‌സാവി’ ആകുന്നോ അത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുമെന്നും സബീര്‍ ഭാട്ടിയ പറഞ്ഞു. മമത ബാനര്‍ജിയുടെ കാളീഘട്ടിലുള്ള വസതിയില്‍ നടന്ന യോഗത്തിലും ഭാട്ടിയ പങ്കെടുത്തിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഭാട്ടിയ മറ്റൊരു പങ്കാളിക്കൊപ്പം ആദ്യത്തെ സൌജന്യ ഇ മെയില്‍ സേവനമായ ഹോട്ട്‌മെയില്‍ അവതരിപ്പിച്ചത്. പിന്നീട്, 1997-ല്‍ ഹോട്ട്‌മെയില്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ മൈക്രോസോഫ്റ്റിന് വിറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :