സിന്ധുരക്ഷക് ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു, തിരിച്ചറിയാന്‍ ഡി‌എന്‍എ പരിശോധന

മുംബൈ| WEBDUNIA|
PTI
സ്‌ഫോടനത്തില്‍ തകര്‍ന്ന മുങ്ങിക്കപ്പല്‍ ഐഎന്‍എസ്‌ സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന 18 നാവികരും മരിച്ചതായി നാവികസേനയുടെ സ്ഥിരീകരണം. തകര്‍ന്ന കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇവ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാന്‍ ഡി‌എന്‍‌എ പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന്‌ തകര്‍ന്ന കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. മൂന്ന് ലഫ്. കമാന്‍ഡര്‍മാരും 15 നാവികരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു കമാന്‍ഡറും മൂന്ന് നാവികരും മലയാളികളാണ്.

56 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയാണ് നാവിക സേനാ മുങ്ങല്‍ വിദഗ്ധര്‍ കപ്പലിനുളളില്‍ നിന്ന് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി തുടങ്ങിയത്. ചിലരുടെ ശരീരഭാഗങ്ങളും നാവികസേനാ മുങ്ങല്‍ വിദഗ്‌ധര്‍ കണ്ടെടുത്തിട്ടുണ്ട്‌.

കപ്പല്‍ ഉയര്‍ത്തുന്നതിന്‌ കഴിഞ്ഞ ദിവസം റഷ്യയുടെ സഹായം തേടിയിരുന്നു. ഇതിനായി സിംഗപ്പൂര്‍ കമ്പനിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്‌.

ആലപ്പുഴ പള്ളിപ്പാട്‌ നീണ്ടൂര്‍ കോയിത്തറയില്‍ വിഷ്‌ണു (21), തലശേരി കൊളശ്ശേരി കാവുംഭാഗത്തെ വികാസ്‌ (21), തിരുവനന്തപുരം അമ്പൂരി വാഴിച്ചല്‍ എല്‍വി ഹൗസില്‍ ക്യാപ്‌ടന്‍ ആര്‍ വെങ്കിട്ടരാജന്‍ (35)എന്നിവരാണ്‌ അപകടത്തില്‍പെട്ട മലയാളികള്‍. ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നുവെങ്കിലും അപകടസ്‌ഥലം സന്ദര്‍ശിക്കാനുളള അനുമതി നല്‍കിയിട്ടില്ല.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് അന്തര്‍വാഹിനിയില്‍ സ്ഫോടനം ഉണ്ടാവുകയും തീപിടിക്കുകയും ചെയ്തത്. സ്ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനി മുങ്ങുകയും ചെയ്തു. അപകടസമയത്ത് കപ്പലിന് പുറത്ത് ഉണ്ടായിരുന്ന മൂന്നു നാവികര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :