ഗൂഗിള്‍ മാപ്പില്‍ കശ്മീര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായതിനു പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് സൈറ്റിലും (സിജിഎഫ്) ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ തെറ്റായി ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കശ്മീരിന്റെ ചില ഭാഗങ്ങളും ഗുജറാത്തിന്റെ ചില ഭാഗങ്ങളും പാകിസ്ഥാന്റെ പ്രദേശമായാണ് സൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെതിരെ പ്രമുഖ കായിക താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചു. ഗെയിംസ് ഫെഡറേഷന്റെ വീഴ്ച കോടിക്കണക്കിന് ആളുകളുടെ വികാരത്തെയാണ് മുറിപ്പെടുത്തിയതെന്ന് താരങ്ങള്‍ അഭിപ്രായപ്പെട്ടു.കോമണ്‍വെല്‍ത്ത് ഫെഡറേഷനോട് ഇക്കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ഡല്‍ഹി ഗെയിംസ് സംഘാടക സമിതിയും പ്രതികരിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദികള്‍ സമയബന്ധിതമായി പൂര്‍ത്തിയാവാത്തതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് അധ്യക്ഷന്‍ മൈക്കല്‍ ഫെന്നല്‍ തുടര്‍ച്ചയായി അസംതൃപ്തി പ്രകടിപ്പിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
രാജ്യം അറുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോഴാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.