സായി ബാബയുടെ ദേഹവിയോഗം നടന്നതെന്ന്?

പുട്ടപര്‍ത്തി| WEBDUNIA|
PTI
ബുധനാഴ്ച ശ്രീ സത്യ മഹാസമാധിയിലായി. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നതുപോലെ അദ്ദേഹം ഏപ്രില്‍ 24 ന് തന്നെയാണോ ദേഹവിയോഗം ചെയ്തത് എന്ന സംശയം ബാക്കി നില്‍ക്കുന്നു. ഏപ്രില്‍ നാലിന് തന്നെ സായി ബാബയുടെ ഭൌതിക ശരീരം സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള ഫ്രീസര്‍ ബോക്സ് ഓര്‍ഡര്‍ ചെയ്തതാണ് ഈ സംശയത്തിനു കാരണം.

മാര്‍ച്ച് 28 ന് ആണ് സായി ബാബയെ സത്യ സായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഔദ്യോഗിക വിശദീകരണം അനുസരിച്ച് ഏപ്രില്‍ 15 ന് ആണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുന്നത്. സാധാരണഗതിയില്‍ ഫ്രീസര്‍ ബോക്സുകള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല എങ്കിലും ആരോഗ്യനില വഷളായി എന്ന പ്രഖ്യാപനം വരുന്നതിനു 11 ദിവസം മുമ്പ് അത്തരമൊരു നീക്കം നടന്നതാണ് സംശയത്തിനു കാരണമാവുന്നത്.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കുമാര്‍ ആന്‍ഡ് കമ്പനിയുടെ മല്ലേശ്വരം ബ്രാഞ്ചിലാണത്രേ ഓര്‍ഡര്‍ ലഭിച്ചത്. ഇത് സായി ബാബയ്ക്ക് വേണ്ടിയാണെന്ന് കമ്പനി അറിഞ്ഞിരുന്നില്ല. നിര്‍മ്മാതാക്കള്‍ ഫ്രീസര്‍ ബോക്സ് ടിവിയില്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. ബാംഗ്ലൂരില്‍ നിന്നുള്ള രാജേന്ദ്രനാഥ് റെഡ്ഡി എന്നയാളാണ് ഓര്‍ഡര്‍ ചെയ്തത്.

ഫ്രീസറിന് 1.07 ലക്ഷം രൂപയായിരുന്നു വില. റെഡ്ഡി 57,000 രൂപയുടെ ചെക്ക് അഡ്വാന്‍സായി നല്‍കി. അന്നുതന്നെ ഫ്രീസര്‍ ബോക്സ് കോയമ്പത്തൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കും അടുത്ത ദിവസം അത് പുട്ടപര്‍ത്തിയിലേക്കും എത്തിച്ചതായി കമ്പനി അധികൃതര്‍ പറയുന്നു. ബുധനാഴ്ചയാണ് കമ്പനിയുടെ ഉടമ ടിവി ദൃശ്യങ്ങളിലൂടെ ഫ്രീസര്‍ ബോക്സ് തിരിച്ചറിഞ്ഞത്.

അതേസമയം, റെഡ്ഡിയും സത്യ സായി സെണ്ട്രല്‍ ട്രസ്റ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് ആര്‍ക്കുമറിയില്ല. ഫ്രീസര്‍ ഓര്‍ഡര്‍ ചെയ്തത് കുടുംബാംഗങ്ങളാണ് എന്ന നിലപാടിലാണ് ട്രസ്റ്റ് അംഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :