പാക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി മരിച്ച സരബ് ജിത്ത് സിങി(49)ന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ അമൃത്‌സറില്‍ എത്തിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ്ജിത്ത് വ്യാഴാഴ്ച വെളുപ്പിന് ഒന്നര മണിക്കാണ് മരിച്ചത്.
സരബ് ജിത്തിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണമെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സരബ് ജിത്തിനുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അതിനുവേണ്ടി നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബിര്‍ കൗര്‍ ബുധനാഴ്ച പറഞ്ഞിരുന്നു.
അതിനിടെ, സരബ് ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ധനസഹായം അനുവദിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു.
അതീവ സുരക്ഷാസംവിധാനമുള്ള ലാഹോറിലെ ലഖ്പത് ജയിലില്‍ വച്ച് ആറ് തടവുകാര്‍ സരബ് ജിത്തിനെ ആക്രമിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ലാഹോറില്‍ സ്‌ഫോടനം നടത്തിയതിന് സരബ്ജിത്തിനോട് പക വീട്ടുകായിരുന്നുവെന്നാണ് പിടിയിലായ തടവുകാര്‍ പോലീസിന് മൊഴി നല്‍കിയത്. ജയിലില്‍ സരബ് ജിത്തിന് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്നാണ് ഈ സംഭവം തെളിയിച്ചത്. സരബ് ജിത്തിനെതിരെ നടന്ന ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
1990 ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാകിസ്താന്‍ സരബ് ജിത്തിനെ പിടികൂടി തടവിലിട്ടത്. പിന്നീട് വധശിക്ഷ വിധിച്ചു. അതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008 ല്‍ സരബ് ജിത്തിന്റെ വധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.