സദാചാര പൊലീസ് അക്രമിച്ച പെണ്‍കുട്ടിക്ക് പരീക്ഷയില്‍ വിലക്ക്

മംഗലാപുരം| WEBDUNIA|
PRO
PRO
സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെ അനാശാസ്യം ആരോപിച്ച് സദാചാരപൊലീസുകാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക്‌ കോളജ്‌ അധികൃതരില്‍ നിന്നും പീഡനം. പെണ്‍കുട്ടിയെ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന്‌ വിലക്കി. കാരണം വിശദീകരിക്കാതെയാണ് അധികൃതര്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ആക്രമണത്തിന്‌ ഇരയായ മറ്റൊരു പെണ്‍കുട്ടിയെ മാധ്യമ വിചാരണ ഭയന്ന്‌ വീട്ടുകാര്‍ മറ്റൊരു സംസ്‌ഥാനത്തേക്ക്‌ മാറ്റിയിരിക്കുകയാണ്‌. പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ തമ്പടിച്ച മാധ്യമപ്പടയില്‍ നിന്ന്‌ രക്ഷ തേടിയാണ്‌ പെണ്‍കുട്ടിയെ മാറ്റിയതെന്ന്‌ ബന്ധുക്കള്‍ പറയുന്നു.

നഗരത്തിലെ പടീല്‍ എന്ന സ്ഥലത്തുള്ള മോര്‍ണിംഗ്‌ മിസ്റ്റ്‌ ഹോംസ്റ്റേയില്‍ സഹപാഠിയുടെ ജന്മദിനമാഘോഷിക്കാന്‍ ഒത്തുകൂടിയ 13 വിദ്യാര്‍ഥികളെ ഹിന്ദു ജാഗരണ വേദികെ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകര്‍ ഹോംസ്റ്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി മുറികള്‍ തളളിത്തുറന്ന് പെണ്‍കുട്ടിളടങ്ങുന്ന സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

റേവ് പാര്‍ട്ടിയല്ല നടന്നതെന്നും ജന്മദിനാഘോഷമായിരുന്നുവെന്നുമാണ് ഹോംസ്റ്റെ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പതിനഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ 12 പേരെ ഈ മാസം 13 വരെ കോടതി റിമാന്‍ഡ്‌ ചെയ്തു. അതേസമയം, ആക്രമണം നടന്ന റിസോര്‍ട്ടിന്‌ ലൈസന്‍സ്‌ ഇല്ല എന്നാണ്‌ സൂചന. ഇതു സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

സംഭവം പൊലീസിനെ അറിയിക്കാതെ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് മംഗലാപുരം പൊലീസ് അറിയിച്ചു. എന്നാല്‍, ഹോംസ്റ്റേ ആക്രമണത്തെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നിരുന്നില്ലെന്ന്‌ ആരോപണവിധേയരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :