സംവരണം: സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

WEBDUNIA| Last Modified തിങ്കള്‍, 2 ജൂണ്‍ 2008 (17:20 IST)
ഏതെങ്കിലും സമുദായത്തിന് സംവരണം നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ഗുജ്ജാ‍ര്‍ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നിയമമന്ത്രാലയം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ഒരു സമുദായത്തിന് സംവരണം നല്‍കുന്നതിന് ഭരണഘടനയില്‍ പ്രത്യേക വകുപ്പുണ്ടെന്ന് നിയമമന്ത്രാലയം പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ആണ് എടുക്കേണ്ടത്.

ഒരു സമുദായത്തിന് സംവരണം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ കാര്യ കാരണ സഹിതം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്ന് നിയമമന്ത്രാലയം പറയുന്നു. മഹാ‍രാഷ്ട്രയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സംവരണം നല്‍കിയതിനെ പരാമര്‍ശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു പറഞ്ഞത്. ഭരണഘടനയിലെ അനുച്ഛേദം 16(1) ല്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് നിയമമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് നാല് മുതല്‍ ആറ് വരെ ശതമാനം സംവരണം ഈ സമുദായത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്‍റെ അഭിപ്രായം തേടുകയായിരുന്നു.

പട്ടിക വര്‍ഗ്ഗ പദവി ആവശ്യപ്പെട്ട് ഗുജ്ജാറുകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ രാജസ്ഥാനിലും സമീപ സംസ്ഥാനങ്ങളിലുമായി 43 പേര്‍ കൊല്ലപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :