ശ്രീരാഗിന്‍റെ മരണം: കാമുകി ആള്‍മാറാട്ടക്കാരി!

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ടി കെ ശ്രീരാഗിന്‍റെ മരണം സംബന്ധിച്ച ദുരൂഹത അവസാനിക്കുന്നില്ല. ആത്മഹത്യയാണെന്ന രീതിയിലാണ് പൊലീസിന്‍റെ അന്വേഷണം മുന്നോട്ടുപോകുന്നത്. എന്നാല്‍ ശ്രീരാഗ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചുപറയുന്നു. ശ്രീരാഗിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനും മറ്റും കര്‍ണാടക പൊലീസ് അനാവശ്യ ധൃതി കാട്ടിയതായി സഹോദരന്‍ ആരോപിച്ചു.

ശ്രീരാഗിന്‍റെ കാമുകി എന്ന് പറയപ്പെടുന്ന യുവതിക്കും ബന്ധുക്കള്‍ക്കും പൊലീസില്‍ വലിയ ബന്ധങ്ങളുണ്ടെന്നും അതുകൊടുതന്നെ ശ്രീരാഗിന്‍റെ മരണം സംബന്ധിച്ച സത്യാവസ്ഥ മറയ്ക്കപ്പെടുകയാണെന്നും ശ്രീരാഗിന്‍റെ ബന്ധുക്കള്‍ പറയുന്നു. ശ്രീരാഗിന്‍റെ കാമുകി ജെന്നിഫറിന്‍റെ യഥാര്‍ത്ഥ പേര് ഗായത്രി എന്നാണെന്നും വ്യാജ പ്രൊഫൈല്‍ നല്‍കി ഗായത്രി ശ്രീരാഗിനെ കബളിപ്പിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു.

ഒരു സ്വകാര്യ ബാങ്കിലെ ലോണ്‍ സെക്ഷനിലാണ് ഗായത്രി ജോലി നോക്കുന്നത്. ലോണ്‍ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാനാണ് ഗായത്രി ആദ്യം ശ്രീരാഗിനെ വിളിക്കുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. എം ബി എക്കാരിയാണെന്നാണ് ഗായത്രി ശ്രീരാഗിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പത്താം ക്ലാസുവരെ മാത്രമേ ഇവര്‍ പഠിച്ചിട്ടുള്ളൂ. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കുകയും മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ ശ്രീരാഗിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശ്രീരാഗിന്‍റെ ഫോണിലേക്കും തിരിച്ചും ആറായിരത്തോളം എസ്‌ എം എസുകളാണു കൈമാറിയിരിക്കുന്നത്‌.

എന്നാല്‍ നേരില്‍ കാണണമെന്ന ശ്രീരാഗിന്‍റെ നിര്‍ബന്ധം കൂടി വന്നപ്പോല്‍ ഗായത്രി അടവുമാറ്റി. തന്‍റെ കല്യാണം നിശ്ചയിച്ചു എന്നും ഇനി ശല്യം ചെയ്യരുതെന്നും ശ്രീരാഗിനെ ഗായത്രി അറിയിച്ചു. ഇതോടെ ശ്രീരാഗ് മാനസികമായി തകര്‍ന്നു.

ഫോണിലൂടെയും ഇ മെയിലിലൂടെയും മാത്രം പരിചയമുള്ള കാമുകി നേരിട്ടുകാണാന്‍ വിസമ്മതിച്ചത് ശ്രീരാഗിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്നാണ് മഹാദേവപുര പോലീസ്‌ പറയുന്നത്.

ശ്രീരാഗ് അമിതമായി ഉറക്കഗുളിക കഴിച്ചതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തല പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയതും ശരീരം മുഴുവന്‍ സെലോടേപ്പ് കൊണ്ട് വരിഞ്ഞുകെട്ടിയതും ശ്രീരാഗ് തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം. മരിക്കുന്നതിന് തൊട്ടുമുമ്പ് കാമുകി ഗായത്രിക്ക് ശ്രീരാഗ് മെയില്‍ അയച്ചതായി വ്യക്തമായിട്ടുണ്ട്. രാവിലെ ഗുഡ്മോര്‍ണിംഗ് പറഞ്ഞില്ലെങ്കില്‍ മരിച്ചു എന്ന് കരുതാം എന്ന സൂചനയും മെയിലില്‍ ഉണ്ട്.

കോഴിക്കോട്‌ മലാപ്പറമ്പ്‌ മാസ്‌ കോര്‍ണര്‍ മുന്‍ എല്‍ഐസി ഉദ്യോഗസ്ഥന്‍ ഇന്ദീവരത്തില്‍ സുബ്രഹ്മണ്യന്‍റെ മകനായ ശ്രീരാഗിന്‍റെ(27) മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് വൈറ്റ്ഫീല്‍ഡ്‌ ബ്രൂക്ഫീല്‍ഡ്‌ എ ഇ സി എസ്‌ ലേഔട്ടിലെ പാര്‍ക്കിനു സമീപം കണ്ടെത്തിയത്. പൂട്ടിയിട്ട കാറിന്‍റെ പിന്‍സീറ്റിലായിരുന്നു ശ്രീരാഗിന്‍റെ മൃതദേഹം. എച്ച് പി കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് എ ഇ സി എസ് ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. നാലു വര്‍ഷം മുമ്പാണു ബാംഗ്ലൂരില്‍ ജോലിയില്‍ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :