ശശി കപൂര്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി

മുംബൈ| JOYS JOY| Last Modified ഞായര്‍, 10 മെയ് 2015 (16:46 IST)
മുതിര്‍ന്ന ഹിന്ദി നടന്‍ ശശി കപൂറിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയാണ് മുംബൈയിലെ പൃഥ്വി തിയറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചത്.ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഏറ്റവും മികച്ച പുരസ്കാരമാണിത്.

ശശി കപൂറിന്‍റെ ബന്ധുക്കളും ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കളും താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 40 വര്‍ഷത്തോളം സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ച ശശികപൂര്‍ 175ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനാരോഗ്യം കാരണം ഡല്‍ഹിയില്‍ എത്താന്‍ കഴിയാതിരുന്നതിനാലാണ് ചടങ്ങ്
മുംബൈയിലേക്ക് മാറ്റിയത്.

1938ല്‍ ജനിച്ച ശശി കപൂര്‍ നാലാമത്തെ വയസ്സു മുതല്‍ അഭിനയരംഗത്തുണ്ട്. പിതാവ് സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയത്തില്‍ ചുവട് വെച്ചത്. 1940കളുടെ അവസാനത്തോടെ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. 1950 കളില്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :