ശബരിമലയില്‍ സ്ത്രീകളെ എന്തുകൊണ്ട് പ്രവേശിപ്പിച്ചുകൂടാ?: സുപ്രീംകോടതി

Sabarimala, Supreme Court, Woman, Ayyappan, Temple, Ajay Tharayil, ശബരിമല, സ്ത്രീ, സുപ്രീംകോടതി, അയ്യപ്പന്‍, ക്ഷേത്രം, അജയ് തറയില്‍
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 11 ജനുവരി 2016 (16:35 IST)
ശബരിമലയില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് പ്രവേശനം അനുവദിച്ചുകൂടായെന്ന് സുപ്രീംകോടതി ചോദിച്ചു. പുരുഷന്‍‌മാര്‍ക്ക് ആരാധനയ്ക്ക് സ്വാതന്ത്ര്യമുള്ളയിടത്ത് സ്ത്രീകള്‍ക്ക് മാത്രം ആരാധന നിഷേധിക്കുന്നത് ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീംകോടതി.

ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രങ്ങളില്‍ ഇത്തരം വിവേചനം എന്തുകൊണ്ട് നിലനില്‍ക്കുന്നു എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഒരു സ്വകാര്യ ക്ഷേത്രത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ വരുന്നത് അംഗീകരിക്കാമെന്നും എന്നാല്‍ ഒരു പൊതുക്ഷേത്രത്തില്‍ ഈ വിവേചനം എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു.

ശബരിമലയില്‍ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്ന് എന്താണുറപ്പെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഇടതുസര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരക്രമങ്ങളുടെ ഭാഗമാണെന്നും അതിലിടപെടാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ അഭിഭാഷകരുടെ ഒരു സംഘടനയാണ് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിവേചനം പാടില്ല എന്നതാണ് അവരുടെ ആവശ്യം. സ്ത്രീകള്‍ക്ക് ആരാധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :