വ്യാജ ഏറ്റുമുട്ടല്‍ മോഡിക്കും അറിയാമായിരുന്നു: സിബിഐ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 27 ജൂണ്‍ 2013 (18:32 IST)
PRO
പ്രാണേഷ് കുമാര്‍, ഇസ്രത് ജഹാന്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുമെന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അറിയാമായിരുന്നുവെന്ന് സിബിഐ. ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഡിഐജി വന്‍സാര ഏറ്റുമുട്ടലിന് മുന്‍പ് മോഡിയെ വിളിച്ചിരുന്നതായും വെളിപ്പെടുത്തി.

അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുമായും അന്‍സാര ഏറ്റുമുട്ടലിനു ശേഷം സംസാരിച്ചുവെന്നാണ് സിബിഐ പറയുന്നത്. കൊല്ലപ്പെട്ട ഇസ്രത് ജഹാനും പ്രാണേഷ് പിള്ളയും മൂന്ന് ദിവസം മുന്‍പും സഹീര്‍ ജോഹര്‍ 48 ദിവസം മുന്‍പും അംജദ് അലി 14 ദിവസം മുന്‍പും പൊലീസ് കസ്റ്റടിയിലുണ്ടായിരുന്നു. കേന്ദ്ര ഇന്റലിജെന്‍സ് ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ ഇവരെ ചോദ്യം ചെയ്തിരുന്നതായും സിബി‌ഐ പറയുന്നു.

വന്‍സാര ഗുജറാത്ത് ഐബി മേധാവിയായിട്ടും സംസാരിച്ചതായി കണ്ടെത്തി .കൊല്ലപ്പെട്ടവരുടെതെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ നല്‍കിയത് രാജേന്ദ്രകുമാറാണെന്ന് സിബിഐ അറിയിച്ചു. രാജേന്ദ്രകുമാറാണ് പ്രധാനമായും വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതെന്ന് സിബിഐ പറയുന്നു.

2004 ജൂണ്‍ 15നാണ് വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത് ജഹാനും പ്രാണേഷ് കുമാറുമടക്കം നാലു പേര്‍ കൊല്ലപ്പെട്ടത്. ജഹാന്റെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് അന്വേഷണസംഘം കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ ഈ വെളിപ്പെടുത്തല്‍ വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മോഡിക്ക് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :