WEBDUNIA|
Last Modified ചൊവ്വ, 10 ജനുവരി 2012 (10:39 IST)
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ കാലത്ത് സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടുവളപ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് അതില്‍ നിന്ന് വെള്ളം വിറ്റയാള്‍ പിടിയിലായി. സിദ്ധപുദൂരിലെ മഹേന്ദ്രന് എന്നയാളാണ് അറസ്റ്റിലായത്. 15 ദിവസം മുമ്പാണ് നിയമവിരുദ്ധമായി ഇയാള്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചത്. കോയമ്പത്തൂര്‍ ലോക്സഭാ എംപി പിആര്‍ നടരാജന്റെ വസതിയ്ക്ക് സമീപമാണ് ഇയാളുടെ വീട്.
കുഴല്‍ക്കിണറിന് എകദേശം 900 അടി ആഴമുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളായി ധാരാളം ലോറികള്‍ ഇയാളുടെ വീട്ടില്‍ വന്നുപോകുന്നതായി മനസ്സിലാക്കിയ നാട്ടുകാര്‍ക്ക് പിന്നീടാണ് അവ വെള്ളം കൊണ്ടുപോകുന്നതിനായി വന്നവയെന്ന് മനസ്സിലായത്. എന്നാല്‍ തനിക്ക് ആവശ്യത്തിന് വെള്ളമില്ലാത്തതിനാലാണ് കുഴല്‍ക്കിണര്‍ കുത്തിയതെന്നാണ് സമീപവാസികളോട് ഇയാള്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ എം.പിയ്ക്ക് പരാതി നല്‍കുകയും വെള്ളം കൊണ്ടുപോകുന്നതിനുവന്ന ലോറി തടയുകയും ചെയ്തു. പിന്നീട് കോര്പ്പറേഷന് അധികാരികളും പോലിസുമെത്തി ലോറി സീല്‍ വയ്ക്കുകയും ഇയാള്‍ക്കുള്ള കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളമാണ് ഈ ജില്ലയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.