യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള സമരത്തില്‍ വെടിയുണ്ടകളെയും ലാത്തികളെയും നേരിടാന്‍ താന്‍ തയാറാണെന്ന് സഞ്ജയ് ദത്ത്. ശനിയാഴ്ച സമാജ്വാദി പാര്‍ട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സഞ്ജു.
“ നിങ്ങളോടൊപ്പം സമരം ചെയ്യാന്‍ ഞാനുമുണ്ട്, വെടിയുണ്ടകളെയും ലാത്തികളെയും നേരിടാന്‍ ഞാനും തയ്യാറാണ്. നമ്മള് ഒന്നിച്ച് പാര്‍ട്ടിക്കുവേണ്ടിയും യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായും പോരാടും”, ലക്നോയില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ത്ഥി കൂടിയായ സഞ്ജയ് ദത്ത് പറഞ്ഞു.
വാക്കുകളല്ല പ്രവര്‍ത്തിയാണ് വലുത്. പ്രവര്‍ത്തിക്കാനായാണ് താന്‍ ഇവിടെയെത്തിയിരിക്കുന്നത് എന്നും പറഞ്ഞ സഞ്ജയ് പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ജനകീയമാണെന്ന് പറയാനും മറന്നില്ല.
താന്‍ ഒരിക്കല്‍ എസ് പിയുടെ ചുവന്ന തൊപ്പി അണിയുമെന്ന് പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവും അമര്‍ സിംഗും പറഞ്ഞിരുന്നു. ഇപ്പോള്‍ താനത് അണിഞ്ഞിരിക്കുന്നു, നിങ്ങളോടൊപ്പം ഒരു കുടുംബാംഗമായി എത്തിയിരിക്കുന്നു, സഞ്ജയ് ദത്ത് പാര്‍ട്ടി യുവജന വിഭാഗത്തോട് പറഞ്ഞു.
ശനിയാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ ലക്നോ ലോക്സഭാ മണ്ഡലത്തില്‍ തുടരാനാണ് സഞ്ജയ് ദത്തിന്റെ തീരുമാനം. ഇതിനായി, ശനിയാഴ്ച മുതല്‍ തല്‍ക്കാലത്തേക്ക് സിനിമ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ് ബോളിവുഡ് മുന്നാഭായി.