വെടിനിര്‍ത്തല്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
ഈ മാസം 25 മുതല്‍ 72 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മാവോയിസ്റ്റുകളുടെ നടപടി രാജ്യത്തെ പ്രധാനരാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ചര്‍ച്ചയാകാമെന്ന മാവോയിസ്റ്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ ആക്രമണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ അതിന് പ്രസക്തിയുള്ളൂ എന്നും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

“അക്രമം നിര്‍ത്താന്‍ ഞാന്‍ അവരോട് വീണ്ടും ആവശ്യപ്പെടുന്നു. എങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂ” - പട്നായിക് പറഞ്ഞു. ‘ചര്‍ച്ചയ്ക്ക് തയ്യാര്‍’ എന്ന പ്രഖ്യാപനം എത്തിയത് ശരിയായ പാതയിലല്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു.

“നിബന്ധനകള്‍ മുന്‍‌നിര്‍ത്തിയുള്ള ഒരു ചര്‍ച്ചയും സാധ്യമല്ല. ഒരു എസ് എം എസ് വഴിയാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതൊരു ശരിയായ മാര്‍ഗമല്ല.” - രമണ്‍ സിംഗ് പറഞ്ഞു.

ഇന്നലെയാണ് മാവോയിസ്റ്റ് നേതാവ് കിഷന്‍‌ജി ‘വെടിനിര്‍ത്തല്‍’ പ്രഖ്യാപനം നടത്തിയത്. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിന്‍റെയും ഝാര്‍ഖണ്ഡിന്‍റെയും ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ കേശവറാവുവും മാവോയിസ്റ്റ് തീരുമാനത്തെ സ്വാഗതം ചെയ്തു. ത്രിണമൂല്‍ എം പി കബീര്‍ സുമനും മന്ത്രി സൌഗതാ റേയും ‘വെടിനിര്‍ത്തല്‍’ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :