വീരപ്പന്‍റെ കൂട്ടാളികളെ തൂക്കിലേറ്റരുത്: മുത്തുലക്ഷ്മി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വനം‌കൊള്ളക്കാരന്‍ വീരപ്പന്‍റെ കൂട്ടാളികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി. വീരപ്പന്‍റെ കൂട്ടാളികളായ നാലുപേരെയും വെറുതെ വിടണമെന്നും മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

വീരപ്പന്‍റെ അനുയായികളായ ജ്ഞാനപ്രകാശം, സൈമണ്‍, മീസകാര്‍ മാതയ്യ, ബിളവേന്ദ്രന്‍ എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. 1991ല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് രണ്ടു പൊലീസുകാരെ കൊല്ലുകയും പിന്നീട് 93ല്‍ കുഴിബോംബ് സ്ഫോടനത്തിലൂടെ 22 പൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ആദ്യം ഇവര്‍ക്ക് മൈസൂര്‍ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.

തുടര്‍ന്ന് 2004ല്‍ ഇത് വധശിക്ഷയായി സുപ്രീംകോടതി ഉയര്‍ത്തി. 1993ല്‍ കര്‍ണാടകത്തിലെ പലാറിലാണ് ഇവര്‍ കുഴിബോംബ് സ്‌ഫോടനം നടത്തി പൊലീസുകാരെ കൊലപ്പെടുത്തിയത്.

അതേസമയം, വീരപ്പന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘വനയുദ്ധം’ എന്ന സിനിമ പ്രദര്‍ശനത്തിനെത്തുകയാണ്. ഈ സിനിമയില്‍ തന്നെയും മക്കളെയും കുറിച്ച് പരാമര്‍ശമുണ്ടെന്നും അത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കാണിച്ച് മുത്തുലക്ഷ്മി ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ 25 ലക്ഷം രൂപ മുത്തുലക്ഷ്മിക്ക് നല്‍കണമെന്ന് വിധിച്ചു. ഇതോടെയാണ് വനയുദ്ധം നേരിട്ട നിയമപ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.

വനയുദ്ധത്തില്‍ തെന്നിന്ത്യന്‍ താരം കിഷോറാണ് വീരപ്പനാകുന്നത്. വീരപ്പനെ കൊലപ്പെടുത്തിയ മലയാളി പൊലീസ് ഓഫീസര്‍ വിജയകുമാറായി അര്‍ജുന്‍ വേഷമിടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :