വില്ലന്‍ നടന്‍ രാധാരവിയും കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
തമിഴ്നാട്ടിലിപ്പോള്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്‌. രാഹുല്‍ ഗാന്ധിയുടെ നേതൃത്വശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് താരങ്ങളും സാധാരണക്കാരും കോണ്‍ഗ്രസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ വാര്‍ത്ത വില്ലന്‍ നടനും എ‍ഐഎ‍ഡി‍എം‍കെയുടെ മുന്‍ എം‍എല്‍എയുമായ രാധാരവി കോണ്‍ഗ്രസില്‍ ചേരുന്നു എന്നാണ്‌. വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ രാധാരവി ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി അറിയുന്നു. ഹാസ്യനടനും നാടക കലാകാരനുമായ എസ്‍വി ശേഖര്‍ ഈയടുത്താണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ദ്രാവിഡപ്പാര്‍ട്ടികളായ ഡി‍എം‍കെയും എ‍ഐഎ‍ഡി‍എം‍കെയും താരങ്ങളെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ശക്തി തെളിയിക്കുന്നതില്‍ പണ്ടേ മിടുക്കരാണ്‌. ഈയടുത്ത് കോണ്‍ഗ്രസും ഈ അടവ് പയറ്റുകയാണ്‌. തമിഴിലെ യുവതാരങ്ങളായ വിജയ്, അജിത് എന്നിവര്‍ക്ക് കോണ്‍ഗ്രസിന്‍റെ ക്ഷണം ലഭിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും രാഹുലിനോടൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ആരാധകര്‍ തങ്ങളുടെ സിനിമകള്‍ ബഹിഷ്കരിച്ചാലോ എന്ന ഭയത്തില്‍ ഇരുവരും ഇതുവരെ കോണ്‍ഗ്രസിന്‌ സമ്മതം മൂളിയിട്ടില്ല.

ഹാസ്യതാരമായ എസ്‍വി ശേഖര്‍ ഈയടുത്ത് ഡല്‍ഹിയില്‍ പോയി രാഹുലിനെ കാണുകയുണ്ടായി. കോണ്‍ഗ്രസില്‍ ചേരണമെന്ന് എപ്പോള്‍ തോന്നിയാലും തനിക്കൊരു മെയില്‍ അയച്ചാല്‍ മതിയെന്ന് ശേഖറോട് രാഹുല്‍ പറയുകയുണ്ടായി. ഡല്‍ഹി യാത്ര കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചത്തിയ എസ്‍വി ശേഖര്‍ പത്രസമ്മേളനം നടത്തുകയും താന്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എസ്‍വി ശേഖറിന്‍റെ പാത തന്നെയാണ്‌ രാധാരവിയും പിന്തുടരുന്നത്.

“തമിഴ്സിനിമാതാരങ്ങളുടെ ചെന്നൈയില്‍ നടക്കുന്ന ഒരു പരിപാടിക്ക് രാഹുലിനെ ക്ഷണിക്കാനാണ്‌ ഞാന്‍ ഡല്‍ഹിക്ക് പോയത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോഴാണ്‌ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുണ്ടോ എന്ന് രാഹുല്‍ എന്നോട് ചോദിച്ചത്. രണ്ടാഴ്ചത്തെ സമയം തരാന്‍ ഞാന്‍ പറഞ്ഞു. നേതൃത്വഗുണമുള്ള നേതാക്കളില്‍ മുന്‍നിരയിലാണ്‌ രാഹുലിന്‍റെ സ്ഥാനം. ആ രാഹുല്‍ നയിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ഭാഗ്യമല്ലേ?” - രാധാരവി ചോദിക്കുന്നു.

അടുത്തുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പുത്തന്‍ തന്ത്രങ്ങളാണ്‌ രാഹുല്‍ തമിഴ്നാട്ടില്‍ പ്ലാന്‍ ചെയ്യുന്നത്. രാഹുലിന്‍റെ തന്ത്രങ്ങള്‍ വിജയിക്കുന്നുണ്ട് എന്നാണ്‌ തൃശ്ശിനാപ്പിള്ളിയില്‍ സോണിയ പങ്കെടുത്ത റാലിയില്‍ വന്നെത്തിയ ജനലക്ഷങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാം നല്ലപടി നീങ്ങുകയാണെങ്കില്‍ ഡി‍എം‍കെയുമായുള്ള സഹകരണം അവസാനിപ്പിച്ച് എ‍ഐഎ‍ഡി‍എം‍കെയുമായി ചിലപ്പോള്‍ കോണ്‍ഗ്രസ് കൈകോര്‍ത്തേക്കും എന്ന് വാര്‍ത്തകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :