വിമാനങ്ങള്‍ക്ക് സമയനിഷ്ഠയില്ലാത്തത് ഡല്‍ഹിയില്‍

വാഷിംഗ്ടണ്‍| WEBDUNIA|
ലോകത്ത് ഏറ്റവും കുറച്ച് വിമാനങ്ങള്‍ കൃത്യ സമയത്ത് എത്തിച്ചേരുന്ന വിമാനത്താവളം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണെന്ന് ഫോര്‍ബ്സ് മാഗസിന്‍. മാഗസിന്‍ പുറത്തുവിട്ട പട്ടിക പ്രകാരം ഇവിടെ 45 ശതമാനം വിമാനങ്ങള്‍ മാത്രമേ സമയത്ത് എത്തുന്നുള്ളൂ.

55.9 ശതമാനം വിമാനങ്ങള്‍ മാത്രം സമയത്തിന് എത്തിച്ചേരുന്ന മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനം രാജ്യത്തിനു പുറത്താണ്, 60.7 ശതമാനം മാത്രം വിമാനങ്ങള്‍ സമയത്തിനെത്തിച്ചേരുന്ന ഇസ്താംബൂളിലെ അത്താത്തുര്‍ക്ക് വിമാനത്താവളം. 60.9 ശതമാനം വിമാനങ്ങള്‍ കൃത്യസമയത്ത് പറന്നുയരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം പട്ടികയില്‍ നാലാമതാണ്

ചൈനയിലെ ബീജിംഗ് ക്യാപിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഏറ്റവും കുറവ് വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുന്നത്, 38 ശതമാനം മാത്രം. ദുബായ് അന്തരാഷ്ട്ര വിമാനത്താവളവും മോസ്കോയിലെ ഷെരെമെത്‌യെവൊ അന്താരാഷ്ട്ര വിമാനത്താവളവുമാണ് ബീജിംഗിനു പിന്നില്‍.

ഒരു വിമാനം നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞ് 15 മിനിറ്റിനകം ഇറങ്ങുകയോ ചെയ്യുകയോ പറന്നുയരുകയോ ചെയ്താല്‍ അത് സമയം പാലിക്കുന്നതായി കണക്കാക്കാമെന്ന് മാഗസിന്‍ പറയുന്നു.

ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ കൃത്യസമയം പാലിക്കുന്നത്. 2009ല്‍ ജപ്പാനിലെ ഒസാക്കയിലുള്ള ഇറ്റാമി വിമാനത്താവളത്തില്‍ നിന്ന് 94 ശതമാനം വിമാനങ്ങളും കൃത്യസമയത്ത് പറന്നുയര്‍ന്നു. ദക്ഷിണ കൊറിയയിലെ ഗിമ്പൊ വിമാനത്താവളത്തില്‍ നിന്ന് 93 ശതമാനം വിമാനങ്ങള്‍ കൃത്യ സമയത്ത് പറന്നുയര്‍ന്നു, 91 ശതമാനം വിമാനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :