വിക്കിലീക്‌സില്‍ തട്ടി ബിജെപിയും വീണു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വോട്ടിനു കോഴയുടെ രൂപത്തില്‍ വന്നാണ് വിക്കിലീക്സ് ഭൂതം കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. എന്നാല്‍ ബിജെപിയെയും വിക്കിലീക്സ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ സ്കോര്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് ആണവ കരാര്‍ വിഷയത്തില്‍ ബിജെപി എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നാണ് വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആണവകരാറിനോട് സത്യത്തില്‍ ബിജെപിക്ക് വിരോധമൊന്നും ഇല്ലായിരുന്നു എന്ന് വിക്കിലീക്സിന്റെ പക്കലുള്ള നയതന്ത്ര കേബിളുകള്‍ തെളിയിക്കുന്നു.

ബിജെപിയാണ് അപ്പോള്‍ രാജ്യം ഭരിച്ചിരുന്നതെങ്കില്‍ ആണവ കരാറിനെ എതിര്‍ക്കില്ലായിരുന്നു. മാത്രമല്ല, 2005ല്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ശേഷാദ്രി ചാരി ഒരു യുഎസ് നയതന്ത്ര പ്രതിനിധിയെ സന്ദര്‍ശിച്ചിരുന്നു. അമേരിക്കയെ ബിജെപി വിമര്‍ശിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കല്‍പ്പിക്കേണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താനായിരുന്നു ഇത്. എല്ലാം രാഷ്‌ട്രീയ നേട്ടത്തിന് മാത്രമാണെന്നും അമേരിക്കയുമായി മികച്ച രീതിയിലുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി വിക്കിലീക്സ് രേഖകളിലുണ്ട്.

ആണവ കരാറിന്റെ ദോഷവശങ്ങളെക്കുറിച്ച് സംസാരിച്ചത് രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി മാത്രമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പറഞ്ഞതായും വിക്കിലീക്സ് രേഖ വ്യക്തമാക്കുന്നു. 2009-ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് യുഎസ് എംബസി പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്വാനി ഈ അഭിപ്രായപ്രകടനം നടത്തിയത്.

വിക്കിലീക്സിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്ന കോണ്‍ഗ്രസിന് ബിജെപിയെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍. അകാരണമായി രണ്ടു ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബിജെപിയുടെ ഇരട്ടത്താപ്പ് ഇതോടെ വ്യക്തമായിരിക്കുകയാണെന്നാ‍ണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :