പിലിബിറ്റില്‍ ന്യൂനപക്ഷ വിരുദ്ധ പ്രസംഗം നടത്തിയ കേസില്‍ അലഹബാദ് ഹൈക്കോടതി അപ്പീല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് വരുണ്‍ ഗാന്ധി ശനിയാഴ്ച പിലിബിറ്റ് ജില്ലാ കോടതിയില്‍ കീഴടങ്ങി. കോടതി വരുണിനെ തിങ്കളാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വരുണ്‍ ഗാന്ധിയുടെ പിലിബിറ്റ് യാത്രയെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ രാം” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അനുഗമിച്ചു. കോടതിയിലും പരിസരത്തും തടിച്ചു കൂടിയ പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പൊലീസ് ബലപ്രയോഗം നടത്തി.
പൊലീസിനെ പ്രവര്‍ത്തകര്‍ എതിരിടാന്‍ നോക്കിയതോടെ അന്തരീക്ഷം നിയന്ത്രണത്തിലാക്കാന്‍ പൊലീസ് പാര്‍ട്ടി അണികളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് 144 ആം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞയും പുറപ്പെടുവിച്ചു.
വരുണിന്റെ അപ്പീല്‍ ഹര്‍ജി തള്ളിയതോടെ ബിജെപി വരുണിന് ശക്തമായ പിന്തുണ നല്കി രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ വരുണ്‍ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കൊടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും വരുണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജാമ്യ കാലാവധി അവസാനിച്ചത്.