വനിതാ സംവരണ ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി| WEBDUNIA|
വനിതാ സംവരണ ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്ന ബില്ല് നടപ്പു സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

ചില പാര്‍ട്ടികള്‍ക്ക് സ്‌ത്രീകള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണ ശതമാനത്തോട് വിയോജിപ്പുണ്ട്. മറ്റുചില പാര്‍ട്ടികള്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്‌ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് ബില്‍ പാസാക്കാന്‍ തടസമായി നിന്നിരുന്നത്. വനിതാ സംവരണ ബില്‍ പാര്‍ലമെന്‍റിന്‍റെ ഇപ്പോള്‍ നടന്ന് വരുന്ന ബഡ്ജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നേരത്തേ പറഞ്ഞിരുന്നു.

1996 മുതല്‍ ഈ ബില്‍ അംഗീകാരത്തിനായി പാര്‍ലമെന്‍റിന്‍റെ മുന്നിലുണ്ട്. 1951ലെ റെപ്രസെന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരം മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ഭരണഘടനയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പക്ഷേ, അതിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. അതാണ് ഇങ്ങനെയൊരു ബില്ലിനെക്കുറിച്ച് ചിന്തിക്കാന്‍ ഭരണനേതൃത്വത്തെ പ്രേരിപ്പിച്ചത്.

1996 സെപ്തംബര്‍ നാലിന് ദേവഗൌഡ ഗവണ്‍മെന്‍റ് വനിത സംവരണബില്‍ എണ്‍‌പത്തിയൊന്നാം ഭരണഘടനാ ഭേദഗതി ബില്ലായി സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, സി പി ഐയുടെ എം പി യായിരുന്ന ഗീത മുഖര്‍ജി ചെയര്‍മാനായുള്ള സംയുക്ത പാര്‍ലമെന്‍റ് സമിതിക്ക് ബില്ല് പരിശോധനയ്ക്കായി വിട്ടു. അതേവര്‍ഷം ഡിസംബര്‍ ഒന്‍പതിന് നടന്ന സമ്മേളനത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞില്ല.

പന്ത്രണ്ടാം ലോക്സഭയില്‍ 1998 ജൂണ്‍ 26ന് എന്‍ ഡി എ ഗവണ്‍മെന്‍റ് എണ്‍‌പത്തിനാലാം ഭരണഘടന ഭേദഗതിയായി ഈ ബില്‍ പുനരവതരിപ്പിച്ചു. എന്നാല്‍ പന്ത്രണ്ടാം ലോക്സഭയ്ക്ക് കാലാവധി അധികമുണ്ടായിരുന്നില്ല. പക്ഷേ, പതിമൂന്നാം ലോക്സഭയിലും അധികാരത്തില്‍ വന്നത് എന്‍ ഡി എ ഗവണ്‍മെന്‍റ് ആയിരുന്നു.

1999 നവംബര്‍ 22ന് ഒരിക്കല്‍ കൂടി എന്‍ ഡി എ ഗവണ്‍മെന്‍റ് ഇത് അവതരിപ്പിച്ചു. അതിനെ തുടര്‍ന്ന് 2002ലും 2003 ലും ലോക്സഭയില്‍ എന്‍ ഡി എ ബില്‍ കൊണ്ടുവന്നു. കോണ്‍ഗ്രസും ഇടതു പക്ഷവും ബില്ലിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. പക്ഷേ, രണ്ടു പ്രാവശ്യവും ബില്‍ പാസാക്കാന്‍ എന്‍ ഡി എ ഗവണ്‍മെന്‍റിന് സാധിച്ചില്ല.

തുടര്‍ന്ന് 2004 മേയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്‍റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. ഗവണ്‍മെന്‍റിന്‍റെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കുകയാണ് ലക്‌ഷ്യമെന്നും പറഞ്ഞു. പന്ത്രണ്ട് വര്‍ഷമായി പാസാകാതെയിരിക്കുന്ന ബില്‍ 2008 മേയ് ആറ്, വ്യഴാഴ്ച യു പി എ ഗവണ്‍മെന്‍റ് രാജ്യസഭയില്‍ അവതരിപ്പിച്ചു. നൂറ്റിയെട്ടാം ഭേദഗതി ആയിട്ടായിരുന്നു ബില്‍ അവതരിപ്പിച്ചത്. പക്ഷേ പതിനാലാം ലോക്സഭയിലും ‘പാസാകുക’ എന്ന ആഗ്രഹം സഫലീകരിക്കാന്‍ ഈ ബില്ലിനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :