ലോക്പാല്‍: രാംദേവ് ഹസാരെയെ എതിര്‍ക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പ്രധാനമന്ത്രിയെ ജനലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന അണ്ണാഹസാരെയുടെ നിലപാടിനെതിരെ ബാ‍ബ രാംദേവ് രംഗത്ത്. പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും ബില്ലിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരണം എന്ന ആവശ്യം ആശ്ചര്യം ജനിപ്പിക്കുന്നു എന്നാണ് രാംദേവ് പ്രതികരിച്ചത്.

അതേസമയം‍, രാംദേവിന് പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും നിയമത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൂര്‍ണമായും മനസ്സിലാവാത്തതു കാരണമായിരിക്കും എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്ന് ലോക്പാല്‍ സമിതി അംഗം അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍, ആവശ്യമെങ്കില്‍ രാംദേവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കെ‌ജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിലൂടെ പത്ത് വകുപ്പുകള്‍ കൂടി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകും. മറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രി വഴി കൈക്കൂ‍ലി വാങ്ങാന്‍ ശ്രമം നടത്തും. പ്രധാനമന്ത്രി അഴിമതിക്കാരനായാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ലോക്പാല്‍ കരട് സമിതി യോഗം ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ല എന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഇതെ കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്നാണ് പൊതുസമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളുടെ തീരുമാനം.

രാം ലീല മൈതാനിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സത്യാഗ്രഹത്തില്‍ നിന്ന് പിന്‍‌മാറില്ല എന്ന് രാംദേവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൈക്കൂലി, കള്ളപ്പണം, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :