ലൈംഗിക പീഡനക്കേസ്: രാഷ്ട്രീയ പകപോക്കലെന്ന് തേജ്‌പാല്‍; ജാമ്യഹര്‍ജി മാറ്റിവെച്ചു

പനാജി| WEBDUNIA|
PRO
PRO
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്തമാസം നാലിലേക്ക് മാറ്റിവെച്ചു. തേജ്പാലിനെതിരെ ഗോവ പൊലീസ് ഇന്നലെ ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് തേജ്പാല്‍ കുറ്റപ്പെടുത്തി.

ഗോവയില്‍ നടന്ന തിങ്ക് ഫെസ്റ്റ് സെമിനാറിനിടെ ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. ഇന്നലെ ഗോവ പോലീസ് സമര്‍പ്പിച്ച 2684 പേജുള്ള കുറ്റപത്രത്തില്‍ തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

എന്നാല്‍ ഗോവാ പൊലീസ് തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ പകപോക്കലും അസംബന്ധവുമാണെന്ന് തേജ്പാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് നൂറു ശതമാനം ഉറപ്പാണെന്നും സിസിടിവി ദൃശ്യങ്ങള്‍ അത് ശരിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനായി മുംബൈ ഹൈക്കോടതിയുടെ ഗോവാ ബെഞ്ചില്‍ എത്തിയതായിരുന്നു തേജ്പാല്‍. കഴിഞ്ഞ നവംബര്‍ ഏഴിന് ഗോവയില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ അപമാനിച്ചതായാണ് പരാതി. തേജ്പാല്‍ നവംബര്‍ 30നാണ് അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :