ലഷ്കര്‍ ബന്ധമുള്ള ബോളിവുഡ് നടി കൊല്ലപ്പെട്ടിരിക്കാം

മുംബൈ| WEBDUNIA|
PRO
PRO
കഴിഞ്ഞ വര്‍ഷം കാണാതായ ബോളിവുഡ് നടി ലൈലാ ഖാന് ഭീകരസംഘടനയായ ലക്ഷര്‍ ഈ തൊയ്ബയുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഇതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ലൈല കശ്മീരില്‍ വച്ച് കൊല്ലപ്പെട്ടിരിക്കാം എന്നാണ് നിഗമനം.

പാകിസ്ഥാന്‍‌കാരിയായ ലൈല ‘വഫ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. 2011-ല്‍ ഇവരെ കാണാതായി. അമ്മ സലീനാ പട്ടേല്‍, മൂന്ന് സഹോദരങ്ങള്‍, മറ്റൊരു ബന്ധു എന്നിവരെയും ലൈലയ്ക്കൊപ്പം കാണാതായിരുന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്ത് നടന്ന സ്ഫോടനത്തിന് തൊട്ട് പിന്നാലെയാണ് ഇവര്‍ അപ്രത്യക്ഷരായത്. ഡല്‍ഹിലേക്ക് സ്ഫോടക വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ലൈലയുടെ വാഹനങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇഗത്പുരിയിലെ ലൈലയുടെ ഫാം ഹൗസില്‍ വച്ചാണ് സ്ഫോടന പദ്ധതി തയ്യാറാക്കിയത്. ലൈലയുടെ കുടുംബാംഗങ്ങള്‍ ലക്ഷകര്‍ ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ഫാംഹൗസിന് തീയിട്ടു. തെളിവു നശിപ്പിക്കാനായിരുന്നു ഇത് ചെയ്തത്. പിന്നീട്, മൂന്ന് വാഹനങ്ങളിലായി കശ്മീരിലേക്ക് കടന്ന ലൈലയേയും കൂട്ടരേയും ലക്ഷര്‍ ഭീകരര്‍ കൊലപ്പെടുത്തിയിരിക്കാം എന്നാണ് നിഗമനം. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപ ഭീകരര്‍ കൈക്കലാക്കിയിട്ടുണ്ടാവാം.

ബംഗ്ലാദേശ് ഭീകരസംഘടനയായ ഹുജിയുടെ നേതാവ് മുനീര്‍ ഖാനെ ലൈല വിവാഹം ചെയ്തത് മൂന്ന് വര്‍ഷം മുമ്പാണ്. ഇതുവഴിയാണ് അവര്‍ ലക്ഷറുമായി അടുത്തത് എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജേഷ് ഖന്ന നായകനായ വഫ 2008-ലാണ് പുറത്തിറങ്ങിയത്. ഷൂട്ടിംഗിനിടെ ലൈലയ്ക്ക് ദുരൂഹമായ ഫോണ്‍ കോളുകള്‍ വന്നിരുന്നതായി സംവിധായകന്‍ രാകേഷ് സാവന്ത് മൊഴി നല്‍കിയിരുന്നു. അവരുടെ ഫ്ളാറ്റിലെ ബെഡ്‌റൂമില്‍ ആയുധധാരിയായ കശ്മീരി യുവാവിനെ കണ്ടതായും രാകേഷ് സാവന്ത് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :