റെയില്‍‌വേ മന്ത്രിക്കും ഫേസ്ബുക്കില്‍ പണികിട്ടി!

നെല്ലൂര്‍| WEBDUNIA|
PRO
ഒളിക്യാമറകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും സെലിബ്രിറ്റികള്‍ക്ക് പണികൊടുക്കുന്നത് പതിവായിട്ടുണ്ട്. കേന്ദ്ര റെയില്‍‌വേ മന്ത്രി മുകുള്‍ റോയിക്ക് ഫേസ്‌ബുക്കില്‍ നിന്ന് പണി കിട്ടിയത് ഏറ്റവും പുതിയ ഉദാഹരണം. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

നെല്ലൂരില്‍ മന്ത്രിയെത്തിയത് ട്രെയിനില്‍ തന്നെയാണ്. ഇടതടവില്ലാത്ത ഇലക്‌ട്രിസിറ്റി ഉറപ്പാക്കാന്‍ രണ്ട് ഇലക്‌ട്രീഷ്യന്‍‌മാരെ കാവല്‍ നിര്‍ത്തിയിട്ടുള്ള ‘ലക്‌ഷ്വറി’ കമ്പാര്‍ട്ട്‌മെന്റിലാണത്രെ മന്ത്രി എത്തിയത്. അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് തീവണ്ടിയില്‍ നിന്ന് ഇറങ്ങാനായി റെയില്‍‌വേ ഉദ്യോഗസ്ഥര്‍ ‘പരവതാനി’ വിരിച്ചത് മറ്റൊരു സംഭവം.

അപകടസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി, ട്രെയിനിലെ തന്റെ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ ‘റെസ്റ്റ്’ എടുത്തത് ഒന്നര മണിക്കൂറാണത്രെ. മന്ത്രിക്ക് ‘റിഫ്രെഷ്‌മെന്റ്’ ഇനങ്ങള്‍ എത്തിക്കാന്‍ റെയില്‍‌വേ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയായിരുന്നു. റെസ്റ്റും റീഫ്രെഷ്‌മെന്റും കഴിഞ്ഞാണ് മന്ത്രി അപകടസ്ഥലത്തേക്ക് തിരിച്ചത്!

നികുതി കൊടുക്കുന്ന സാധാരണക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വെള്ളമില്ലാത്ത കക്കൂസും പാറ്റയും പ്രവര്‍ത്തിക്കാത്ത ഫാനും വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണവുമൊക്കെയാണ് ലഭിക്കുന്നതെങ്കില്‍ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റുന്ന റെയില്‍‌വേ മന്ത്രിക്ക് ലഭിച്ച രാജകീയ പരിഗണന ഫേസ്‌ബുക്ക് ഉപയോക്താക്കളെ രോഷാകുലരാക്കി എന്നതാണ് പരമാര്‍ത്ഥം.

ഇതെഴുതുന്ന സമയത്ത് ആറായിരത്തോളം പേര്‍ ‘മുകുള്‍ റോയിക്ക് ലഭിച്ച രാജകീയ പരിഗണന’യുടെ ചിത്രവും പോസ്റ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. മന്ത്രിക്കെതിരെ ‘കലിപ്പ്’ തീര്‍ത്തുകൊണ്ട് കമന്റുകള്‍ പ്രവഹിക്കുകയുമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് കണ്ണും കാതുമുണ്ടെന്ന് ഇനിയെങ്കിലും സെലിബ്രിറ്റികള്‍ മനസ്സിലാക്കുന്നത് നന്ന്.

(ഫേസ്ബുക്കില്‍ നിന്നെടുത്ത ചിത്രം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :