ലക്നൌ|
WEBDUNIA|
Last Modified തിങ്കള്‍, 20 ജൂലൈ 2009 (13:16 IST)
യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ വീട് കത്തിച്ച കേസില്‍ പ്രതിയായ ബിഎസ്പി നേതാവ് ഇന്തെസാര് അഹമ്മദ് അബ്ദിയെ യുപി ഷുഗര്‍ കോര്പ്പറേഷന് അധ്യക്ഷനായി നിയമിച്ചു.
ഞായറാഴ്ച വൈകിട്ടാണ് യുപി സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മായാവതി സര്‍ക്കാരിന്റെ ഈ നടപടി കോണ്‍ഗ്രസ് അംഗങ്ങളുടെ അതൃപ്തി കൂട്ടിയിരിക്കുകയാണ്. സഹമന്ത്രി സ്ഥാനത്തിന് തുല്യമാണ് അബ്ദിക്ക് ഇപ്പൊള്‍ ലഭിച്ചിരിക്കുന്ന പദവി.
റീത്തയുടെ വീട് ആക്രമിച്ച കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരാള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയത് മായാവതി നിയമത്തെ അവഗണിക്കുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന് പറഞ്ഞു. മായാവതിയുടെ ഈ നടപടി ക്ഷമിക്കാനാവില്ല എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയ കേസില്‍ യു പി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയെ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രസംഗത്തില്‍ പ്രതിഷേധിച്ച് റീത്തയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ബിഎസ്പി പ്രവര്‍ത്തകര്‍ അവരുടെ വീടിന് തീവയ്ക്കുകയായിരുന്നു.