aparna shaji|
Last Modified ബുധന്‍, 7 ഡിസംബര്‍ 2016 (15:17 IST)
500, 1000 നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ നടപടിയ്ക്ക് ശേഷമുള്ള റിസർവ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റമില്ലാതെയാണ് റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. നയപ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണികൾ ഇടിഞ്ഞു.
നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ ധനസ്ഥിതി പൂർണമായും വിലയിരുത്തിയിട്ടില്ല. ഇത് പഠിച്ചതിനുശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയുകയുള്ളുവെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞു. ഗവർണറായി ഊർജിത് പട്ടേൽ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്. നോട്ടുപിൻവലിക്കലിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാൻ സഹകരിക്കുന്ന ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാണിജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവിൽ 6.25 ശതമാനമാണ്.
നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്തർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, എല്ലാ അഭിപ്രായങ്ങളെയും തള്ളിക്കൊണ്ടാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.