റിസാ‍റ്റ് ചാര ഉപഗ്രഹമല്ലെന്ന് മാധവന്‍ നായര്‍

ശ്രീഹരിക്കോട്ട:| WEBDUNIA| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2009 (15:18 IST)
ഇന്ത്യ ഇന്ന് വിക്ഷേപിച്ച ഇസ്രയേല്‍ നിര്‍മിത ഉപഗ്രഹം റഡാര്‍ ഇമേജിങ്‌ സാറ്റലൈറ്റ് (റിസാറ്റ്‌ 2) ചാര ഉപഗ്രഹമല്ലെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ഇത് ഒരു ഇമേജിംഗ് സാറ്റലൈറ്റ് മാത്രമാണെന്നും ഇതിനെ ചാര ഉപഗ്രഹമെന്ന് മുദ്രകുത്തുന്നത് തെറ്റാണെന്നും വിക്ഷേപണത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധവന്‍ നായര്‍ വ്യക്തമാക്കി.

ഭൂമിയുടെ സൂക്ഷ്മതയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് റിസാറ്റ്-2. ആഗോള കവറേജ് ഉണ്ടെങ്കിലും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ഉപയോഗിക്കുകയെന്നും മാധവന്‍ നായര്‍ വ്യക്തമാക്കി.

മുന്നൂറു കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിലെ റഡാര്‍ ഇമേജിങ്‌ സംവിധാനം വഴി പകല്‍ രാത്രി ഭേദമന്യേ ചിത്രങ്ങളെടുക്കാന്‍ കഴിയും. മേഘം, മഞ്ഞ് എന്നിവയൊന്നും റിസാറ്റിനെ ചിത്രങ്ങളെടുക്കുന്നതില്‍ നിന്ന് തടയില്ലെന്നത് ഉപഗ്രഹത്തിന്‍റെ സൈനികപരമായ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ബാംഗ്ലൂരില്‍ നിന്ന്‌ ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യാം. ഇസ്രയേലിലെ എയ്‌റോ സ്പേസ്‌ ഇന്‍ഡസ്ട്രീസ്‌ ആണ് ഉപഗ്രഹം നിര്‍മിച്ചത്. ഭൂമിയില്‍നിന്ന്‌ 550 കിലോമീറ്റര്‍ അകലെയാണ്‌ ഭ്രമണപഥം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :