റയില്‍‌വെയിലൂടെ സംസ്കാര പ്രചരണവും!

ന്യൂഡല്‍ഹി| WEBDUNIA|
PTI
മമതാ ബാനര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച റയില്‍‌വെ ബജറ്റില്‍ ഭാരത സംസ്കാരത്തിന്‍റെ പ്രചരണത്തിനും ഇടം. സംസ്കാരത്തിന്‍റെ പ്രചരണത്തിനായി കൈക്കൊണ്ട നടപടികളും ഇനി ചെയ്യാന്‍ പോകുന്ന ചില കാര്യങ്ങളും ബജറ്റില്‍ സ്ഥാനം നേടി.

ആഘോഷവേളകളിലും മഹാന്‍‌മാരുടെ സ്മരണപുതുക്കലിലുമെല്ലാം റയില്‍‌വെയെ എങ്ങനെ ഉള്‍പ്പെടുത്താമെന്നാണ് മമത ബജറ്റിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രബീന്ദ്രനാഥ ടാഗൂറിന്‍റെ നൂറ്റമ്പതാം ജന്‍‌മവാര്‍ഷികത്തിന്‍റെ ഭാഗമായി സംസ്കൃതി എക്സ്പ്രസ് യാത്ര തുടങ്ങിയതിനെ ബജറ്റില്‍ പരാമര്‍ശിക്കുന്നു. ടാഗൂറിന്‍റെ അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ കവിതകളും മറ്റ് സൃഷ്ടികളും സ്മരണയും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സംസ്കൃതി ഒരുക്കിയത്. മാത്രമല്ല, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ ക്ഷണപ്രകാരം അവരുടെ നാടുമായി നമ്മുടെ ഇതിഹാസ സാഹിത്യകാരന്‍റെ ചരിത്രം ഈ ട്രെയിനിലൂടെ പങ്കുവയ്ക്കാനാവുന്നതിനെയും മമത പരാമര്‍ശിക്കുന്നു.

മദര്‍ തെരേസയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി മദര്‍ എക്സ്പ്രസ് ആരംഭിച്ചതും അരബിന്ദോയോടുള്ള ബഹുമാനസൂചകമായി അരബിന്ദോ എക്സ്പ്രസ് തുടങ്ങിയതും സംസ്കാരിക മേഖലയിലേക്കുള്ള റയില്‍‌വെയുടെ സംഭാവനയായി മമത വ്യക്തമാക്കുന്നു. 2013ല്‍ സ്വാമി വിവേകാനന്ദന്‍റെ നൂറ്റമ്പതാം ജന്‍‌മവാര്‍ഷികമായതിനാല്‍ ‘വിവേകാനന്ദ എക്സ്പ്രസ്’ രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയതായും ബജറ്റില്‍ പറയുന്നു.

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ശാസ്ത്ര സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ‘ടെക്നോളജി എക്സ്പ്രസ്’ തുടങ്ങിയതിനെയും മമതാ ബാനര്‍ജി ബജറ്റില്‍ പരാമര്‍ശിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :