രാഹുല്‍ ഗാന്ധിയും അഞ്ച് വിദേശ സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപത്തിനാലുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് തെറ്റായ ഹര്‍ജി നല്കിയ കേസില്‍ ഹര്ജിക്കാരന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് അരക്കോടി രൂപ പിഴയിട്ടു. മധ്യപ്രദേശില്‍ സുകന്യ എന്ന പെണ്‍കുട്ടിയെയും മാതാപിതാക്കളെയും രാഹുല്‍ തടങ്കലിലാക്കി എന്നാരോപിച്ചാണ് എംഎല്‍എ കിഷോര്‍ സമൃതെ ഹേബിയസ് കോര്‍പസ് റിട്ട് നല്‍കിയത്. എന്നാല്‍, ഹര്‍ജിയിലെ വാദം തെറ്റാണെന്ന കണ്ടെത്തിയതിനാലാണ് മാനനഷ്ടത്തിനു പിഴ വിധിച്ചത്.
തന്റെ മണ്ഡലമായ അമേഠിയില്‍ വച്ച് രാഹുലും കൂട്ടുകാരും ചേര്‍ന്ന് സുകന്യ സിംഗ് എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു മദ്ധ്യപ്രദേശിലെ സമാജ്വാദി പാര്‍ട്ടി മുന്‍ എംഎല്‍എയായ കിഷോര്‍ സമൃതെയുടെ ആരോപണം. എന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരായ പെണ്‍കുട്ടി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നല്കി. പിഴയില്‍ 25 ലക്ഷം രൂപ പെണ്‍കുട്ടിയ്ക്കും 20 ലക്ഷം രൂപ രാഹുല്‍ ഗാന്ധിയ്ക്കും അഞ്ചു ലക്ഷം രൂപ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും നല്കാന് ജസ്റ്റീസുമാരായ ഉമാനാഥ് ഗുപ്ത, സതീഷ് ചന്ദ്ര എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു.
വാര്‍ത്ത വെബ്സൈറ്റില്‍ കണ്ടാണ് താന്‍ ഉത്തര്‍ പ്രദേശിലെത്തി അലഹബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതെന്ന് കിഷോര്‍ സമൃതെ കോടതിയോട് പറഞ്ഞു. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരേയും നടപടിയെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. കേസിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന കാര്യം അന്വേഷിക്കാനും കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.