രാഹുല്‍ ഗാന്ധിക്കുള്ള ജനവിധി ഇന്ന്

WEBDUNIA| Last Modified വ്യാഴം, 23 ഏപ്രില്‍ 2009 (10:07 IST)
ഇന്ന് കാലത്ത് ആരംഭിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന ജനപ്രിയ താരങ്ങളില്‍ രാഹുല്‍ ഗാന്ധിയും ഉള്‍‌പ്പെടുന്നു. രാജ്യത്തെ 140 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ഇന്ന് ജനവിധി തേടുന്ന പ്രസിദ്ധരുടെ കൂട്ടത്തില്‍ ശരദ് പവാര്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, രാം‌വിലാസ് പാസ്വാന്‍, സുഷമ സ്വരാജ് എന്നിവരുമുണ്ട്. ഉത്തര്‍‌പ്രദേശിലെ അമേഥിയില്‍ നിന്നാണ് രാഹുല്‍ മത്സരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശ്, ഒറീസാ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഭാഗ്യം പരീക്ഷിക്കുന്ന പ്രസിദ്ധരില്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ചിരഞ്ജീവി, ബിജു ജനതാ ദള്‍ നേതാവ് നവീന്‍ പട്‌നായിക്ക് എന്നിവര്‍ ഉള്‍‌പ്പെടുന്നു.

വോട്ടെടുപ്പ് സമാധാനപരമായാണ് നീങ്ങുന്നത് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. എന്നാല്‍ നക്സല്‍ ആക്രമണ ഭീതിയുള്ള ഇടങ്ങളില്‍ 3 മണിക്ക് തന്നെ വോട്ടെടുപ്പ് അവസാനിപ്പിക്കും.

ആന്ധ്രാ (20), അസം ( 11) ബീഹാര്‍( 13) ഗോവ (2) ജമ്മു ആന്‍ഡ് കശ്മീര്‍ (1) കര്‍ണാടക (17) മധ്യപ്രദേശ് (13) മഹാരാഷ്ട്ര (25) മണിപ്പൂര്‍ (1) ഒറീ‍സ (11) ത്രിപുര (2) ഉത്തര്‍പ്രദേശ് ( 17) ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2041 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 121 വനിതാ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും.

അഞ്ച് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. മാവോയിസ്റ്റ് അക്രമവും മറ്റും മുന്‍ നിര്‍ത്തി കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങള്‍ക്ക് അടിയന്തരഘട്ടം നേരിടാനായി ഹെലികോ‌പ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :